മുംബൈ: അന്താരാഷ്ട്ര കരിയറിലെ ഇരുന്നൂറാം ഏകദിന മത്സരം സെഞ്ച്വറിയടിച്ച് ആഘോഷിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 125 പന്തില്‍ 121 റണ്‍സുമായാണ് തുടക്കം പതറിയ ടീമിനെ നായകന്‍ മുന്നോട്ട് നയിച്ചത്. നായകനു പുറമേ ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാര്‍ത്തിക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ 281 റണ്‍സിന്റെ വിജയ ലക്ഷ്യം കുറിച്ചു.
ഒമ്പത് ഫോറിന്റെയും രണ്ടു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു കോഹ്‌ലി തന്റെ 31 ാം ഏകദിന സെഞ്ച്വറി കുറിച്ചത്. ഈ സെഞ്ച്വറിയോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി കോഹ്‌ലി മാറി. 49 സെഞ്ചുറിയുള്ള സച്ചിന്റെ റെക്കോഡ് മാത്രമാണ് ഇനി താരത്തിനു മുന്നിലുള്ളത്.
തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിനുശേഷം ദിനേഷ് കാര്‍ത്തിക്കുമായി ചേര്‍ന്നാണ് കോഹ്‌ലി ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. 37 റണ്‍സെടുത്ത കാര്‍ത്തിക് പുറത്തായതിനുശേഷമെത്തിയ മുന്‍ നായകന്‍ ധോണിയും നായകനു പിന്തുണ നല്‍കി.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കോഹ്‌ലിയും ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഭുവനേശ്വര്‍ 15 പന്തില്‍ രണ്ടു വീതം ഫോറും സിക്സുമടക്കം 26 റണ്‍സ് നേടി.
ഓസീസിനെതിരായ പരമ്പരയിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങിയത്. ഓപ്പണര്‍ ശിഖര്‍ധവാന്‍ മടങ്ങി വന്നതോടെ അജിന്‍ക്യ രഹാനെ പുറത്തായി. മനീഷ് പാണ്ഡെക്ക് പകരക്കാരനായി ദിനേഷ് കാര്‍ത്തിക്കും ടീമിലിടം നേടി.