|

സെഞ്ച്വറിയടിച്ചതല്ല, 81ാം പന്തില്‍ ആദ്യ ഫോറടിച്ചതിന്റെ ആഘോഷമാണ്; ജസ്റ്റ് വിരാട് തിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടരുകയാണ്. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 113 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എന്ന നിലയിലാണ്.

350 പന്തില്‍ നിന്നും 14 ബൗണ്ടറിയുടെ അകമ്പടിയോടെ 143 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളും 96 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. ഒറ്റ ബൗണ്ടറി മാത്രമാണ് രണ്ടാം ദിവസം വിരാട് നേടിയത്. അതായത് 96 പന്തില്‍ നിന്നും ഒറ്റ ഫോര്‍ മാത്രമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നേരിട്ട 81ാം പന്തിലാണ് വിരാട് ബൗണ്ടറി നേടിയത്. ജോമല്‍ വാരികന്‍ എറിഞ്ഞ 109ാം ഓവറിലെ അഞ്ചാം പന്തിലാണ് വിരാട് ബൗണ്ടറി നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നതും വിരാടിന്റെ ഈ ബൗണ്ടറിയിലൂടെയായിരുന്നു. ഈ ബൗണ്ടറിക്ക് മുമ്പ് 25 റണ്‍സ് വിരാട് ഓടിയെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

വാരികനെ ബൗണ്ടറിക്ക് പായിച്ച വിരാടിന്റെ സെലിബ്രേഷന്‍ വൈറലാവുകയാണ്. ആവേശത്തോടെ കൈകളുയര്‍ത്തിയാണ് വിരാട് തന്റെ ബൗണ്ടറി നേട്ടം ആഘോഷമാക്കിയത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

അതേസമയം, രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 162 റണ്‍സിന്റെ സോളിഡ് ലീഡാണ് ഇന്ത്യക്കുള്ളത്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് അടിത്തറയിട്ട ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

229 റണ്‍സാണ് ഇരുവരും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 221 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 103 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റ് നേടി വിന്‍ഡീസിനായി അരങ്ങേറിയ അലിക് അത്തനാസാണ് കൂട്ടുകെട്ട് പൊളിച്ചത്. രോഹിത്തിന്റെ പത്താമത് ടെസ്റ്റ് സെഞ്ച്വറിയാണിത്.

ഇതിന് പുറമെ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ 3,500 റണ്‍സ് തികയ്ക്കാനും രോഹിത്തിന് സാധിച്ചിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ തീരുമാനം തുടക്കത്തിലേ പാളിയിരുന്നു. ആദ്യ ദിവസം തന്നെ 150 റണ്‍സിന് ഓള്‍ ഔട്ടാകാനായിരുന്നു ടീമിന്റെ വിധി. 47 റണ്‍സ് നേടിയ അത്തനാസ് ആണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

കരിയറിലെ 33ാമത് ഫൈഫര്‍ തികച്ച ആര്‍. അശ്വിനാണ് വിന്‍ഡീസിനെ പിടിച്ചുകെട്ടിയത്. അശ്വിന് പുറമെ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Virat celebrates boundary against West Indies