രോഹിത്തിനെ ക്യാപ്റ്റനാക്കുന്ന കാര്യം അറിഞ്ഞത് വളരെ വൈകി; അതൃപ്തി പരസ്യമാക്കി കോഹ്‌ലി
Sports News
രോഹിത്തിനെ ക്യാപ്റ്റനാക്കുന്ന കാര്യം അറിഞ്ഞത് വളരെ വൈകി; അതൃപ്തി പരസ്യമാക്കി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th December 2021, 1:59 pm

മുംബൈ: ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

നായകസ്ഥാനത്ത് നിന്നും തന്നെ മാറ്റുന്നതിനെ സംബന്ധിച്ച് തനിക്ക് യാതൊരു വിധത്തിലുള്ള അറിയിപ്പും ലഭിച്ചില്ലെന്നും, തീരുമാനത്തിന്റെ ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും കോഹ്‌ലി പറയുന്നു.

വാര്‍ത്താ സമ്മേളത്തിലായിരുന്നു വിരാട് ഇക്കാര്യം പറഞ്ഞത്.

രോഹിത്തിനെ ടീമിന്റെ നായകനാക്കാന്‍ പോവുകയാണെന്ന വിവരം വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും, മുഖ്യ സെലക്ടര്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ സമ്മതിച്ചിരുന്നുവെന്നും താരം പറയുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കോഹ്‌ലി പറഞ്ഞു.

താന്‍ ബി.സി.സി.ഐയോട് വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്നും, പരമ്പരയുടെ ഭാഗമാകുമെന്നും കോഹ്‌ലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രചരിപ്പിച്ചവരാണ് ഇതിന് മറുപടി പറയേണ്ടതെന്നും കോഹ്‌ലി പറഞ്ഞു.

നേരത്തെ, വിരാടിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇക്കഴിഞ്ഞ ടി-20 ലോകകപ്പിന് മുന്‍പ് തന്നെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നതായി കോഹ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരാനായിരുന്നു കോഹ്‌ലിയുടെ താല്‍പര്യം.

അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ (ഏകദിനം, ടി-20) രണ്ട് ക്യാപ്റ്റന്‍മാരെ അനുവദിക്കേണ്ട എന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ബി.സി.സി.ഐ, കോഹ്‌ലിയോട് നിര്‍ദേശിക്കുകയായിരുന്നു.

‘ടി-20യിലും ഏകദിനത്തിലും വെവ്വേറെ ക്യാപ്റ്റന്‍മാരെ നിയമിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് താല്‍പര്യമില്ലായിരുന്നു. നമ്മളെ സംബന്ധിച്ച് നേതൃപാടവത്തില്‍ സ്ഥിരത വേണം. വലിയ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നമുക്ക് ജയിക്കാനാകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം,’ എന്നായിരുന്നു ബി.സി.സി.ഐ പ്രതിനിധി പറഞ്ഞത്.

സെലക്ടര്‍മാര്‍ രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയെക്കൂടാതെ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായും ബി.സി.സി.ഐ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അനുവദിച്ച സമയത്തിന് ശേഷവും പ്രതികരിക്കാതിരുന്നതോടെയാണ് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് ബി.സി.സി.ഐ വിശദീകരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Virat breaks silence on ODI captaincy