| Wednesday, 18th April 2018, 10:25 am

റെയ്‌നയുടെ റെക്കോഡ് തിരുത്തി വിരാട്; തോറ്റെങ്കിലും ഒരുപിടി റെക്കോഡുമായി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗലൂരു: ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി മാറ്റിരചിക്കുന്ന കോഹ്‌ലിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ സുരേഷ് റെയ്‌നയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ ഒന്നാമതെത്തി.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താകാതെ നേടിയ 92 റണ്‍സാണ് റെയ്‌നയുടെ 4558 റണ്‍സ് എന്ന ടോട്ടല്‍ മറികടക്കാന്‍ കോഹ്‌ലിയെ സഹായിച്ചത്. മുംബൈയില്‍ കളിക്കാനിറങ്ങുമ്പോള്‍ റെയ്‌നയുടെ സ്‌കോര്‍ മറികടക്കാന്‍ കോഹ്‌ലിയ്ക്ക് 31 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

ടീം തോറ്റെങ്കിലും മറ്റൊരു റെക്കോഡ് കൂടി ബംഗ്ലൂര്‍ നായകനെ തേടിയെത്തി. ഐ.പി.എല്ലില്‍ ആദ്യമായി 5000 റണ്‍സ് എന്ന നേട്ടവും ഒരു ടീമിനുവേണ്ടി മാത്രം ഇത്രയും റണ്‍സ് എന്ന നേട്ടവുമെല്ലാം കോഹ്‌ലി സ്വന്തമാക്കി.


Also Read:  സഞ്ജു സാംസണിന്റെ തലയില്‍ നിന്നും ഓറഞ്ച് ക്യാപ്പ് വാങ്ങി കോഹ്‌ലി; തിരിച്ചു പിടിക്കാന്‍ സഞ്ജു വീണ്ടും ഇന്നിറങ്ങുന്നു


ഇരു ടീമുകളുടെയും നായകന്മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഇന്നലത്തെ മത്സരത്തില്‍ 46 റണ്ണിനാണ് മുംബൈയുടെ വിജയം. ആദ്യം ബാറ്റുചെയ്ത മുംബൈ ഉയര്‍ത്തിയ 214 റണ്ണിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ കോഹ്‌ലിയിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

ബാംഗ്ലൂര്‍ നിരയില്‍ 62 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത കോഹ്‌ലിയ്ക്ക് പുറമേ 19 റണ്‍സെടുത്ത ഡീ കോക്കും ,16 റണ്ണെടുത്ത മന്‍ദീപ് സിങ്ങും 11 റണ്ണെടുത്ത വോക്സിനും പുറമെ ആര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ബൗളിങ്ങില്‍ മുംബൈയ്ക്കായി ക്രൂണാല്‍ പാണ്ഡ്യുയും മക്ലൂഹാനും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.


Also Read:  സമനിലക്കുരുക്ക്; ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് സെല്‍റ്റ ദി വിഗോ


നേരത്തെ ആദ്യം ബാറ്റുചെയ്ത മുംബൈ രോഹിതിന്റെയും ലെവിസിന്റെയും ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് മുംബൈ നേടിയത്. രോഹിത് ശര്‍മ്മ 52 പന്തില്‍ പത്ത് ഫോറിന്റെയും അഞ്ചു സിക്‌സിന്റെയും അകമ്പടിയോടെ 94 റണ്‍സ് നേടി. 64 റണ്‍സുമായി എവിന്‍ ലൂയിസ് രോഹിതിന് ഉറച്ച പിന്തുണ നല്‍കി.

Watch This Video:

We use cookies to give you the best possible experience. Learn more