തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ച് വിരാട് കോഹ് ലി ലഹരി വിരുദ്ധ ക്യാമ്പയിന്‍ വേദിയില്‍. കേരളാ പൊലീസ് സംഘടിപ്പിച്ച ആന്റി ഡ്രഗ് ക്യാമ്പയിനില്‍ സഹതാരങ്ങള്‍ക്കൊപ്പം പങ്കെടുത്ത ഇന്ത്യന്‍ നായകന്‍ ലഹരി വിരുദ്ധ മുദ്രാവാക്യവും ചൊല്ലിക്കെടുത്തു.
മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കോഹ്‌ലിയ്ക്കു പുറമെ ഇന്ത്യന്‍ താരങ്ങളായി അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരും കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും, ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു.
യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്പോര്‍ട്സിലേയ്ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്ക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നിന്റെ ഇരകളാകുന്ന പ്രവണതയില്‍ നിന്ന് മുക്തരാക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. യെസ് ടു ക്രിക്കറ്റ നോ ടു ഡ്രഗ്ഗ്‌സ് എന്നാണ് പരിപാടിയുടെ മുദ്രാവാക്യം.
പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞു.