തിരുവല്ല: ബസ് കയറാനാകാതെ റോഡരികില്‍ നിന്ന കാഴ്ചശക്തിയില്ലാത്ത വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആരുടേയും സഹായം ലഭിക്കാതെ റോഡില്‍ നിന്ന അന്ധനായ വൃദ്ധനെ ഒരു യുവതി ബസില്‍ കയറ്റുന്നതായിരുന്നു വീഡിയോ. എന്നാല്‍ ആ യുവതി ആരാണെന്ന് മാത്രം അറിഞ്ഞിരുന്നില്ല. എന്നാല്‍ വീഡിയ വൈറലായതിന് പിന്നാലെ സോഷ്യല്‍മീഡിയ തന്നെ യുവതിയേയും കണ്ടെത്തി.തിരുവല്ല ജോളി സില്‍ക്‌സില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന സുപ്രിയ എന്ന യുവതിയായിരുന്നു ആ നല്ലമനസിനുടമ.
സംഭവത്തെ കുറിച്ച് സുപ്രിയ പറയുന്നത് ഇങ്ങനെ.., ‘വൈകീട്ട് ആറരയായപ്പോള്‍ ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഭര്‍ത്താവാണ് എല്ലാ ദിവസവും വിളിക്കാന്‍ വരാറുള്ളത്. ഇന്നലെ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ണ് കാണാത്ത ഒരാള്‍ റോഡിന് നടുവില്‍ നില്‍ക്കുന്നത് കണ്ടു. എനിക്ക് പേടിയായി.
പെട്ടെന്ന് തന്നെ ചെന്ന് അദ്ദേഹത്തെ റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി. ഭര്‍ത്താവ് വന്നുകഴിയുമ്പോള്‍ ബസ് സ്റ്റാന്റില്‍ എത്തിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അപ്പോഴേക്കും ബസ് വന്നു. ഞാന്‍ ഓടിച്ചെന്ന് ബസിലെ കണ്ടക്ടറോട് കാര്യം പറഞ്ഞു. എന്നിട്ട് അദ്ദേഹത്തേയും കൂട്ടി വന്ന് ബസ്സില്‍ കയറ്റി. ഇന്ന് രാവിലെ മാത്രമാണ് വീഡിയോ വന്ന കാര്യം അറിയുന്നത്.
തിരുവല്ലയിലെ കുരിശു കവലയുടെ മുകളിലിരുന്ന ആരോ എടുത്ത വീഡിയോ ആണത്. വീഡിയോ കണ്ടതോടെ ജോലി സ്ഥലത്തും ആകെ സന്തോഷമാണ്. തികച്ചും യാദൃശ്ചികമായി കിട്ടിയതാണ് ഈ സന്തോഷം. വലിയ അത്ഭുതമായിട്ടാണ് തോന്നുന്നത്’ സുപ്രിയ വനിത മാഗസിനോട്
പ്രതികരിച്ചു. മൂന്ന് വര്‍ഷമായി തിരുവല്ല ജോളി സില്‍ക്‌സില്‍ ജോലി ചെയ്യുകയാണ് സുപ്രിയ.
നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിനടുത്തേക്ക് യുവതി ഓടിയെത്തുന്നതും കണ്ടക്ടറോട് എന്തോ പറഞ്ഞതിന് ശേഷം തിരിച്ചോടി അന്ധനായ വൃദ്ധനെ കൈപിടിച്ച് ബസിനടുത്ത് എത്തിച്ച് ബസില്‍ കയറ്റുന്നതും ഇതിന് ശേഷം തിരിഞ്ഞു നടന്നുപോകുന്നതുമായിരുന്നു വീഡിയോ.
പേരറിയാത്ത സഹോദരിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണെന്നും ആ വലിയ മനസിന് നന്മകള്‍ നേരുന്നെന്നുമാണ് ചിലര്‍ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. ഈ കൊവിഡ് കാലത്ത് കാണുന്ന നല്ല കാഴ്ചയെന്നായിരുന്നു മറ്റു ചിലര്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക