വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ ബസ് ഓടിക്കുന്ന വൈറല്‍ വീഡിയോ; ഡ്രൈവര്‍ക്കെതിരെ കേസ്
Kerala News
വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ ബസ് ഓടിക്കുന്ന വൈറല്‍ വീഡിയോ; ഡ്രൈവര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 7:02 pm

പാലക്കാട്: പാലക്കാട് മണ്ണാറക്കാട് ഞെട്ടരക്കടവ് വെള്ളത്തില്‍ മുങ്ങിയ ക്രോസ് കോസ് വേയിലൂടെ അപകടകരമായി ബസ് ഓടിച്ചതിന് കേസെടുത്തു. മണ്ണാറക്കാട് ട്രാഫിക്ക് പൊലീസാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.

മനപ്പൂര്‍വം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച നെല്ലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളത്തിനടിയിലായ ഞെട്ടരക്കടവ്-പൊമ്പ്ര പാലത്തിലൂടെ ബസ് സഞ്ചരിച്ചത്. സമാന രീതിയില്‍ വാഹനമോടിച്ച ഒരു ജീപ്പിനും പിഴ ചുമത്തിയിട്ടുണ്ട്. പകുതിയോളം ഭാഗം വെള്ളത്തില്‍മുങ്ങി ബസ് പാലംകടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകിയ വെള്ളത്തില്‍ ബസ് പാതി മുങ്ങിയ നിലയിലായിരുന്നു. പാലത്തിന് സമീപം നില്‍ക്കുന്ന ആളുകളുടെ ആര്‍പ്പുവിളികളും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബസിനുള്ളില്‍ 35 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.