| Sunday, 11th March 2018, 7:09 pm

'ബഹുമാനം 'വണ്‍വേ' അല്ല'; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സല്യൂട്ട് ചെയ്ത് ബെംഗളൂരു പൊലീസ് കമ്മീഷണര്‍; വീഡിയോ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: “ബഹുമാനം എന്നാല്‍ ഇരു ഭാഗത്തേക്കും സഞ്ചരിക്കാവുന്ന തെരുവാണ്” -പണ്ടേതോ മഹാന്‍ പറഞ്ഞ വാചകമാണ് ഇത്. അതായത് നമ്മള്‍ മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടണമെങ്കില്‍ ആദ്യം നമ്മള്‍ മറ്റുള്ളവരെ ബഹുമാനിക്കണം.മറ്റുള്ളവരെ ബഹുമാനിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉയരത്തിലേക്ക് പോകുന്നു.

ഇതിന് ഉദാഹരണമാക്കാന്‍ കഴിയുന്ന സംഭവമാണ് ബെംഗളൂരുവില്‍ നടന്നത്. ബെംഗളൂരുവിലെ പൊലീസ് കമ്മീഷണറായ ടി. സുശീല്‍ കുമാറാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് സല്യൂട്ട് നല്‍കി താരമായത്. വീഡിയോ ചിത്രീകരിക്കുമ്പോള്‍ യാദൃശ്ചികമായാണ് അതില്‍  ഈ സല്യൂട്ട് പതിഞ്ഞത്.


Also Read: ഇനി പേടിക്കാതെ ട്രെയിന്‍ സെല്‍ഫിയെടുക്കാം; റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം


ഈ വീഡിയോ വൈറലായതോടെ ബഹുമാനം വണ്‍വേ അല്ല എന്ന കമ്മീഷണറുടെ നിലപാടിനെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. കമ്മീഷണര്‍ നടന്നു വരുമ്പോള്‍ അതിലെ പോകുകയായിരുന്ന വിദ്യാര്‍ത്ഥി അദ്ദേഹത്തിന് സല്യൂട്ട് നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കമ്മീഷണര്‍ നില്‍ക്കുകയും വിദ്യാര്‍ത്ഥിയ്ക്ക് മറുപടി സല്യൂട്ട് നല്‍കുകയും ചെയ്യുകയായിരുന്നു.

ബെംഗളൂരുവിലെ മല്ല്യ ആശുപത്രിയില്‍ നിന്നും കമ്മീഷണര്‍ സുശീല്‍ കുമാര്‍ പുറത്തേക്കു വരുമ്പോഴാണ് സംഭവം ഉണ്ടായത്. ബെംഗളൂരു സിറ്റി പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. 5,300-ലേറെ പേര്‍ ലൈക്ക് ചെയ്യുകയും ഒന്നരലക്ഷത്തോളം പേര്‍ കാണുകയും ചെയ്ത വീഡിയോ 1800-ഓളം പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കമ്മീഷണറെ അഭിനന്ദിച്ചുകൊണ്ടുള്ള നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

“ഒരു യൂണിഫോം മറ്റൊരു യൂണിഫോമിന് നല്‍കുന്ന ബഹുമാനം അച്ചടക്കത്തിന്റെ മൂല്യത്തെ കാണിക്കുന്നു.

പൊലീസ് കമ്മീഷണര്‍ ശ്രീ ടി. സുശീല്‍ കുമാര്‍ ഐ.പി.എസും ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയും പരസ്പരം ബഹുമാനിക്കുന്നു. ബഹുമാനത്തിന്റേയും അച്ചടക്കത്തിന്റേയും അഭിമാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.

ബഹുമാനം പദവിയ്ക്കും പ്രായത്തിനും സ്ഥാനത്തിനും മുകളിലാണ്.

നമ്മുടെ അഭിമാനം – നമ്മുടെ അച്ചടക്കം.”

ബെംഗളൂരു സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു.

വീഡിയോ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more