| Tuesday, 12th April 2022, 7:55 am

'ഉസ്മാന്റെയും രവിയുടെയും പുതിയ ഇന്ത്യ'; വൈറലായി രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രം ഇന്ന രീതിയില്‍ രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ചിത്രമാണിപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തൊട്ടടുത്ത കടകളില്‍ നില്‍ക്കുന്ന ഉസ്മാന്‍, രവി എന്നീ രണ്ട് പ്രാദേശിക കച്ചവടക്കാരുന്റെ ചിത്രമാണിത്. തൊട്ടടുത്ത് ഒരേ ചുവരിന്റെ അരികില്‍ കച്ചവടം നടത്തുന്ന രണ്ട് മതത്തില്‍ പെട്ടവര്‍ രണ്ട് ഗതി എന്ന് പറഞ്ഞാണ് ആളുകള്‍ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പങ്കുവെക്കുന്നത്.

‘കടയില്‍ നോക്കിനില്‍ക്കുന്ന ഉസ്മാനും രവിയും തമ്മിലുള്ള വ്യത്യാസം കാണുക. ഇന്ത്യ എന്ന ആശയം ചുരുങ്ങുകയാണ് എന്നതാണ് കയ്‌പേറിയ സത്യം.

രാജസ്ഥാനിലെ കരൗലിയില്‍ മുസ്‌ലിം വ്യാപാരികളുടെ കടകള്‍ പ്രാദേശിക ഹിന്ദുത്വ ആള്‍ക്കൂട്ടം കൊള്ളയടിക്കുകയും നശിപ്പിക്കുകയും തീയിടുകയും ചെയ്തു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദി ഹിന്ദുസ്ഥാന്‍ ഗസറ്റിന്റെ കറസ്‌പോണ്ടന്റ് മീര്‍ ഫസല്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, കരൗളിയില്‍ വര്‍ഗീയ ലഹളയ്ക്കു പിന്നാലെ വ്യാപകമായി മുസ്‌ലിം വീടുകള്‍ അഗ്നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചായിരുന്നു 40ഓളം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വ്യാപകമായ അക്രമസംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോള്‍ റാലിയില്‍നിന്ന് വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights:  Viral image from Karaul, Rajasthan, hindutva attack

We use cookies to give you the best possible experience. Learn more