| Monday, 21st November 2022, 2:21 pm

ബാലന്‍സില്ലാതെ നിലത്തേക്ക് പതിക്കുന്ന എതിര്‍ ടീമുകാരനെ കെട്ടിപ്പിടിച്ച് രക്ഷിക്കുന്നവന്‍; വൈറല്‍ വീഡിയോയിലെ താരങ്ങള്‍ ഇവരാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ആവേശത്തില്‍ മുഴുകിയിരിക്കുകയാണ് എല്ലാവരും. എവിടെ തിരിഞ്ഞുനോക്കിയാലും ഇഷ്ട ടീമിനെയും ഫുട്‌ബോള്‍ എന്ന കായികമത്സരത്തെയും കുറിച്ച് വാചാലരാകുന്നവരാണ്.

കളിമികവിനൊപ്പം വികാരതീവ്രമായ നിമിഷങ്ങള്‍ക്കും മനുഷ്യത്വത്തിനുമെല്ലാം വേദിയാകുന്ന ഇടങ്ങള്‍ കൂടിയാകാറുണ്ട് ഫുട്‌ബോള്‍ മാച്ചുകള്‍.

ഗോള്‍വല എന്ന ഒറ്റ ലക്ഷ്യമാക്കി പായുന്ന കളിക്കാര്‍ തമ്മിലും പരസ്പരം തട്ടിവീഴുന്നതും അറിഞ്ഞുകൊണ്ടു വരുത്തുന്ന ഫൗളുമെല്ലാം സ്ഥിരം കാഴ്ചയാണെങ്കിലും, അതിനെല്ലാമപ്പുറമുള്ള ഹൃദ്യമായ കാഴ്ചകള്‍ കൂടി ചില മാച്ചുകള്‍ സമ്മാനിക്കാറുണ്ട്.

അത്തരത്തിലൊരു ഹൃദ്യമായ നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ലീഗ് മത്സരത്തില്‍ നിന്നുള്ള കാഴ്ചയാണിത്.

2021 ജൂലൈ 29ന് ജോര്‍ജിയന്‍ ക്ലബായ ഡിനാമോ തിബ്‌ലിസും ഇസ്രഈലി ക്ലബായ മക്കാബി ഹൈഫയും തമ്മില്‍ നടന്ന മാച്ചില്‍ വെച്ചായിരുന്നു സംഭവം.

കളിയുടെ രണ്ടാം പകുതിയില്‍ വെച്ചാണ് ആരും ഭയന്നുപോയ ആ നിമിഷം വന്നത്. തിബ്‌ലിസിയുടെ നൊദാര്‍ദ് കവ്തരാദ്‌സെയും മക്കാബി ഹൈഫയുടെ മാവോര്‍ ലെവിയും പന്തിന് വേണ്ടി ഉയര്‍ന്നുപൊങ്ങാന്‍ ശ്രമിച്ചു. എതിര്‍ ടീമുകളിലെ ആ രണ്ട് പേര്‍ കൂട്ടിയിടിച്ചു.

മാവോര്‍ ലെവി

കൂടുതല്‍ ഉയരത്തില്‍ ചാടിയ കവ്തരാദ്‌സെ തിരിച്ചു കാലുകുത്താനുള്ള ബാലന്‍സ് കിട്ടാതെ കീഴ്‌മേല്‍ മറിഞ്ഞ് താഴേക്ക് പതിക്കാന്‍ പോയി.

എന്നാല്‍ എതിര്‍ ടീമുകാരനായ ലെവി നിമിഷനേരം കൊണ്ട് കവ്തരാദ്‌സെയെ ദേഹത്ത് കൈകള്‍കൊണ്ട് വാരിപ്പിടിക്കുന്നു. രണ്ട് പേരും സുരക്ഷിതരായി ഗ്രൗണ്ടിലേക്ക്. അതിനുശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നുമുണ്ട്.

നൊദാര്‍ദ് കവ്തരാദ്‌സെ

ഈ വീഡിയോയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കാരുടെ യഥാര്‍ത്ഥ സ്പിരിറ്റ് എന്ന ക്യാപ്ഷനോടെ വ്യാപകമായി പ്രചരിക്കുന്നത്. കവ്തരാദ്‌സെയും ലെവിയും ആശ്വാസത്തോടയെും നന്ദിയോടെയും പരസ്പരം കെട്ടിപ്പിടിക്കുന്ന ആ അവസാന നിമിഷങ്ങള്‍ എത്രയോ ഹൃദ്യമാണെന്നാണ് വീഡിയോക്ക് വരുന്ന കമന്റുകള്‍.

Content Highlight: Viral football video of two players colliding with each other and the opposite player saves the other

We use cookies to give you the best possible experience. Learn more