| Friday, 9th April 2021, 8:39 am

ഞങ്ങള്‍ ഇനിയും ഒന്നിച്ചു ഡാന്‍സ് കളിക്കും: മതം പറഞ്ഞുള്ള വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരണവുമായി ജാനകിയും നവീനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വൈറലായ ഡാന്‍സ് വീഡിയോ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറും നവീന്‍ കെ റസാഖും തങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളോട് പ്രതികരണവുമായി രംഗത്ത്. സൈബര്‍ അറ്റാക്കുകളെ വകവെയ്ക്കുന്നില്ലെന്നും വളരെ കുറച്ച് പേര്‍ മാത്രമാണ് നെഗറ്റീവ് കമന്റുകളുമായെത്തുന്നതും ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും നവീനും ജാനകിയും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം. ഇനിയും ഡാന്‍സ് വീഡിയോകള്‍ ചെയ്യുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

‘സൈബര്‍ അറ്റാക്കുകളെ മൈന്റാക്കുന്നില്ല. അത് അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. പറയുന്നവര്‍ പറയട്ടെ. ഞങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ്. അത് നെഗറ്റീവായി ചിത്രീകരിക്കാന്‍ തോന്നുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. അതൊന്നും ഞങ്ങളെ ബാധിക്കില്ല,’ നവീന്‍ പറഞ്ഞു.

ഐ.എം.എയും കോളേജ് യൂണിയനുമൊക്കെ ഈ വിദ്വേഷ പ്രചരണങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമാണ് വിദ്വേഷ പ്രചരണങ്ങളുമായെത്തുന്നതെന്നും ഭൂരിപക്ഷവും പോസിറ്റീവായാണ് ഇതിനെ കാണുന്നതെന്നും നവീന്‍ പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ചാണ് പഠിക്കുന്നതും ക്ലാസില്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആ ഞങ്ങള്‍ ഒരു ഡാന്‍സ് കളിച്ചു. എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശിച്ചത്. അതിനെ അങ്ങനെ കാണണമെന്നും നവീന്‍ ആവശ്യപ്പെട്ടു.

ഞാനും വീട്ടുകാരും ഈ വിദ്വേഷ പ്രചരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് കരുതുന്നത്. ഇതൊന്നും ഞങ്ങള്‍ക്കൊരു വിഷയമല്ല. നവീനും താനും നല്ല സുഹൃത്തുക്കളാണെന്നും ജാനകി പറഞ്ഞു. കോളേജില്‍ വേറെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ പഠിക്കുന്നുണ്ടെന്നും അവരില്‍ ഡാന്‍സ് ചെയ്യുന്നവരുണ്ടെന്നും അവരും ഇതുപോലെ വീഡിയോകളുമായി മുന്നോട്ടുവരുമെന്നും നവീനും ജാനകിയും പറഞ്ഞു.

റാസ്പുട്ടിന്‍ എന്ന ഗാനത്തിന് നവീനും ജാനകിയും ചേര്‍ന്ന് ചെയ്ത 30 സെക്കന്റുള്ള ഡാന്‍സ് വീഡിയോ കഴിഞ്ഞ ആഴ്ചയായിരുന്നു വൈറലായത്. നിരവധി പേരാണ് ഇരുവരുടെയും ചുവടുകളെ അനുമോദിച്ച് രംഗത്തെത്തിയത്. പക്ഷെ ഇതിന് പിന്നാലെ നവീനിന്റെയും ജാനകിയുടെയും മതം പറഞ്ഞുകൊണ്ട് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ വിദ്വേഷ ക്യാംപെയ്ന്‍ ആരംഭിക്കുകയായിരുന്നു.

ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

എന്നാല്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങളെ വകവെയ്ക്കുന്നില്ലെന്ന് തെളിയിച്ചുകൊണ്ട് പുതിയ ഡാന്‍സ് പെര്‍ഫോര്‍മന്‍സുമായി ഇരുവരും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് ഇരുവരുടെയും പുതിയ പെര്‍ഫോമന്‍സ്. മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാനിലെ പാട്ടിന്റെ റീമിക്സ് വേര്‍ഷന് ചുവടുവെച്ച് രണ്ടുപേരും വീണ്ടും കൈയ്യടി നേടുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Viral dancers and medical students  Janaki and Naveen responds to hate campaigns

We use cookies to give you the best possible experience. Learn more