| Tuesday, 22nd February 2022, 3:41 pm

ലാലേട്ടന്‍ ആര്‍.എസ്.എസോ ബി.ജെ.പിയോ ആണെന്ന ചിന്തയില്‍ നിന്നാണെന്ന് തോന്നുന്നു ഈ ഡീഗ്രേഡിങ്: എന്റെ പ്രതികരണം പ്ലാനിങ് ആയിരുന്നില്ല: വൈറല്‍ ആറാട്ട് ഫാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി. ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാട്ട് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത് മുതല്‍, സിനിമക്കൊപ്പം തന്നെ അല്ലെങ്കില്‍ സിനിമയേക്കാളധികം ചര്‍ച്ചയായ ഒരാളായിരുന്നു തിയേറ്റര്‍ റെസ്‌പോണ്‍സില്‍ ‘കളംനിറഞ്ഞാടിയ’ വൈറല്‍ ലാലേട്ടന്‍ ഫാന്‍.

ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ തിയേറ്ററിലെത്തിയ സകല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍ ചിത്രത്തെ വാനോളം പുകഴ്ത്തിയതിലൂടെയാണ് ഇദ്ദേഹം ട്രോളന്മാരുടെയും പ്രിയപ്പെട്ടവനായി മാറിയത്. ഇതില്‍ തന്നെ ലാലേട്ടന്‍ ആറാടുകയാണ് എന്ന ഡയലോഗ് എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.

ചിത്രം പുറത്തിറങ്ങിയ ആദ്യദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരുന്നു. പണം വാങ്ങിക്കൊണ്ട് ആറാട്ടിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി തിയേറ്ററിലെത്തിയതാണ് ഇയാള്‍ എന്നായിരുന്നു ആരോപണമുയര്‍ന്നത്.

ട്രോളുകളോടും ആരോപണങ്ങളോടും പ്രതികരിക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹം. സന്തോഷ് മാത്യു വര്‍ക്കി എന്നാണ് ഈ മോഹന്‍ലാല്‍ ആരോധകന്റെ പേര്. എഞ്ചിനീയറാണ് സന്തോഷ്.

കൊച്ചുവര്‍ത്തമാനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് ഇദ്ദേഹം മറുപടി പറയുന്നത്.

ആറാട്ടില്‍ തനിക്ക് മോഹന്‍ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ടെന്നും ചെറുപ്പം മുതല്‍ താന്‍ ലാലേട്ടന്‍ ആരാധകനാണെന്നും പറയുകയാണ് സന്തോഷ്.

”എനിക്ക് ഫസ്റ്റ്ഹാഫില്‍ ലാലേട്ടന്‍ ആറാടിയ പോലെ ആണ് തോന്നിയത്. ഒരു പ്രത്യേക തരത്തിലുള്ള ആക്ടിങ് ആയാണ് തോന്നിയത്.

ഞാന്‍ ചെറുപ്പം മുതലേ മോഹന്‍ലാല്‍ ഫാനാണ്. നാല് വയസു മുതല്‍ തന്നെ. ഞാന്‍ ജനിച്ച വര്‍ഷമാണ് ലാലേട്ടന്‍ സൂപ്പര്‍സ്റ്റാറായത്. രാജാവിന്റെ മകന്‍ സിനിമയിലൂടെ,” സന്തോഷ് പറഞ്ഞു.

പണത്തിന് വേണ്ടിയാണ് ഇങ്ങനെ സിനിമയെ പ്രൊമോട്ട് ചെയ്തത്, മദ്യപിച്ചിട്ടായിരുന്നു തിയേറ്ററിലെത്തിയത് എന്നീ ആരോപണങ്ങള്‍ക്കും സന്തോഷ് മറുപടി നല്‍കി.

”എനിക്ക് അങ്ങനെ പണത്തിന് വേണ്ടി ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ ഫിലോസഫിയില്‍ ബി.എഡ് ചെയ്യുകയാണ്. എനിക്ക് സ്റ്റൈപെന്‍ഡ് കിട്ടുന്നുണ്ട്.

എല്ലാ സിനിമയും കാണാറുണ്ട്. ചെറുപ്പം മുതലേ ലാലേട്ടനെ ഇഷ്ടപ്പെടുന്ന ആളാണ്. എനിക്ക് തോന്നിയത് നാചുറലായി ഞാന്‍ പറഞ്ഞു.

മദ്യപാനം പോലുള്ള ഒരു ബാഡ് ഹാബിറ്റും ഇല്ലാത്ത ആളാണ് ഞാന്‍. പലരും പറഞ്ഞിട്ടുണ്ട് ഞാന്‍ നിഷ്‌കളങ്കനാണെന്ന്. ആ നിഷ്‌കളങ്കമായ രീതിയില്‍ തന്നെ പറഞ്ഞതാണ്. അല്ലാതെ പ്ലാന്‍ ചെയ്ത് പറഞ്ഞതല്ല,” സന്തോഷ് കൂട്ടിച്ചേര്‍ത്തു.

ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഒടിയന്‍ മുതല്‍. അത് എന്താണെന്ന് മനസിലാവുന്നില്ല.

എനിക്ക് തോന്നുന്നു, പുള്ളി ഒരു ആര്‍.എസ്.എസുകാരനാണോ ബി.ജെ.പിക്കാരനാണോ അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് ഇത് വരുന്നത് എന്ന്.

നരേന്ദ്ര മോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ പുള്ളിക്ക് അങ്ങനെ കക്ഷിരാഷ്ട്രീയമൊന്നുമില്ലെന്നും മോഹന്‍ലാല്‍ സിനിമകള്‍ക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.


Content Highlight: Viral Aarattu-Mohanlal fan Santhosh speaks

We use cookies to give you the best possible experience. Learn more