| Tuesday, 2nd July 2019, 9:58 am

കശ്മീരില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുന്നത് തടയാന്‍ ഗവര്‍ണറുടെ ഫാക്‌സ് പ്രവര്‍ത്തനരഹിതമാക്കി; കശ്മീരില്‍ ബി.ജെ.പിയുടെ അജണ്ട തുറന്നുകാട്ടി രാജ്യസഭയില്‍ വിപ്ലവ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരില്‍ ബി.ജെ.പിയുടെ അജണ്ട തുറന്നുകാട്ടി രാജ്യസഭയില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവുമായ വിപ്ലവ് താക്കൂര്‍. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ജമ്മുകശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത് തടയാന്‍ ഗവര്‍ണറുടെ ഫാക്‌സ് പ്രവര്‍ത്തനരഹിതമാക്കിയെന്നതടക്കമുള്ള ആരോപണങ്ങളാണ് അവര്‍ സഭയില്‍ ഉയര്‍ത്തിയത്.

ജമ്മു-കശ്മീരിനായുള്ള പ്രമേയത്തിലും നിയമഭേദഗതിയിലും നടന്ന ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അവര്‍.

കശ്മീരില്‍ മറ്റാരെങ്കിലും സര്‍ക്കാറുണ്ടാക്കാതിരിക്കാനാണ് ഗവര്‍ണറുടെ ഫാക്‌സ് കേടാക്കിയത്. ജമ്മുകശ്മീരില്‍ ജനങ്ങളുടെ ആവശ്യം മാനിക്കാതെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രം നടത്തിയത്. ഇത് സ്വന്തം അജണ്ട നടപ്പാക്കാനുള്ള നാടകമായിരുന്നെന്നും താക്കൂര്‍ ആരോപിച്ചു.

‘ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാമെങ്കലില്‍ എന്തുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിക്കൂടാ?’ എന്നും അവര്‍ ചോദിച്ചു.

സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒഴിവുകഴിവുകള്‍ നിരത്തുകയുമാണെന്നും അവര്‍ ആരോപിച്ചു.

ഇതിനു മറുപടിയായി മോദി സര്‍ക്കാര്‍ ചില കശ്മീരില്‍ വികസന പദ്ധതികള്‍ കൊണ്ടുവന്നുവെന്ന അവകാശവാദമാണ് ബി.ജെ.പിയുടെ രാകേഷ് സിന്‍ഹ ഉയര്‍ത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള ചിലയാളുകള്‍ ഭീകരവാദംകൊണ്ട് കശ്മീരിലെ നശിപ്പിക്കുകയാണ്. കശ്മീരിലെ ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാരാണെന്നതിലേക്കൊന്നും താന്‍ കടക്കുന്നില്ലെന്നും അത് അമിത് ഷാ വിശദമായി പറയുമെന്നും രാകേഷ് സിന്‍ഹ പറഞ്ഞു.

We use cookies to give you the best possible experience. Learn more