ഉറക്കം മരണവും, ഉണര്‍വ് ജനനവും ആകുന്നു എന്ന തിരുക്കുറള്‍ വാക്യത്തിന്റെ നിജ സ്ഥിതിയാണ് ‘നന്‍ പകല്‍ നേരത്ത് മയക്കം’.
‘ജെയിംസാ’യി ഉറങ്ങി, ‘സുന്ദര’മായി ഉണര്‍ന്ന്, സുന്ദരമായി ഉറങ്ങി, വീണ്ടും ജെയിംസായി ഉണരുന്ന ഒരു നേരംപോക്ക്. ഇവിടെ നേരംപോക്കിന് സാധാരണ നമ്മള്‍ എടുക്കാറുള്ള ആ അര്‍ത്ഥം എടുക്കണ്ട. ഇത് ജീവിതത്തില്‍ നിന്നുള്ള നേരംപോക്കാണ്. കടന്നുപോകുന്ന സമയമാണ്.
തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു ക്രിസ്ത്യാനി, ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ പേച്ചിലും നടയിലും ഇരിപ്പിലും ഭാവത്തിലും തമിഴ്‌നാട്ടിലെ അപരിചിതമായൊരു ഗ്രാമത്തിലെ അപരിചിതനായൊരു മനുഷ്യനായി മാറുക.
സത്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മനുഷ്യരുടെ മനസ്സ് ഇതും ഇതിനപ്പുറവും ചെയ്യിക്കുന്ന വല്ലാത്ത ജാത്യാണ്!.
അന്നുവരെ കണ്ടിട്ടില്ലാത്ത ഇടങ്ങള്‍, ഇടവഴികള്‍, മനുഷ്യര്‍ എല്ലാം പലപ്പോഴും ചിരപരിചിതത്തോടെ ജീവിതത്തിലേക്ക് കയറി വരാറുണ്ട്. അതുപോലെ ഇറങ്ങിപ്പോകാറുമുണ്ട്. ആദ്യമായി ചില ദിക്കില്‍ ചെന്നെത്തുമ്പോള്‍ അവിടെ കാലങ്ങളോളം ജീവിച്ച പോലൊരു തോന്നല്‍, ആദ്യമായി കാണുന്ന ചില മനുഷ്യരോട് തോന്നുന്ന വല്ലാത്ത ആത്മബന്ധം.
ദേജാ വു- ദേജാ വുവിന് മനഃശാസ്ത്രത്തില്‍ നല്‍കിയിട്ടുള്ള നിര്‍വചനങ്ങളൊന്നും എനിക്കത്ര ശരി ബോധിച്ചിട്ടില്ല. അത് വേറെ കാര്യം. ഏതായാലും മനസ്സ് മനുഷ്യന്റെ സങ്കല്പമാണോ, അതോ മനുഷ്യന്‍ മനസിന്റെ സങ്കല്പമാണോ എന്നൊക്കെ പല ഉച്ചക്കിറുക്കും തോന്നുമാറ് ഉറങ്ങിയുണര്‍ന്ന് ഇടങ്ങേറായി ഇരിക്കാറുണ്ട് പലപ്പോഴും. പ്രത്യേകിച്ച് കുട്ടിക്കാലത്ത് സ്ഥലകാലങ്ങള്‍ മറന്ന് മറ്റെന്തൊക്കെയോ, മാറ്റാരൊക്കെയോ എന്നപോലെ തീര്‍ത്തും പേഴ്‌സണലായി പെരുമാറാറുള്ള വകയില്‍ ചീത്തയും പിച്ചും കൊട്ടകണക്കിന് കിട്ടിയിട്ടുമുണ്ട്. അത്തരം അനുഭവങ്ങളൊരിക്കലെങ്കിലും ഉണ്ടായിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമാനുഭവം കുറേക്കൂടി പേര്‍സണല്‍ ആയിരിക്കുമെന്ന് തോന്നുന്നു.
തൂക്കം (ഉറക്കം), ഇറപ്പ് (മരണം), മുഴിപ്പ് (ഉണരല്‍), പിറപ്പ് (ജനനം), അതിനിടയില്‍ പെട്ടുപോകുന്ന ന്യാപക(ഓര്‍മ)വും, ന്യാപകമറവി(ഓര്‍മയില്ലായ്മ)യും. എല്ലാത്തിനും ഒരു ‘നന്‍ പകല്‍ നേരത്ത് മയക്കം’ തന്നെ ധാരാളം.
Content Highlight: Vipindas G’s write up about nanpakal nerathu mayakkam