മലയാളത്തിലെ ഒരുപാട് മികച്ച ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് വിപിൻ മോഹൻ. ഒരുകാലത്ത് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഘടകമായിരുന്നു വിപിൻ മോഹൻ.
നാടോടിക്കാറ്റ്, വരവേൽപ്പ്, മഴവിൽക്കാടി, പിൻഗാമി തുടങ്ങി ഒരുപാട് സൂപ്പർ ചിത്രങ്ങൾ വിപിൻ മോഹന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തതായിരുന്നു. പിന്നീട് സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടി.
ഒരുപാട് സിനിമകൾ മോഹൻലാലിനൊപ്പം ചെയ്തിട്ടുള്ള വ്യക്തിയാണ് വിപിൻ. മോഹൻലാലിനെ കുറിച്ച് പറയുകയാണ് അദ്ദേഹം.
മോഹൻലാലിനെ പോലെ തന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു നടൻ ഇല്ല എന്നാണ് വിപിൻ മോഹൻ പറയുന്നത്
‘എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വ്യക്തി മോഹൻലാലാണ്,’ വിപിൻ മോഹൻ പറയുന്നു. മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹൻലാൽ ഒരു അത്ഭുത ജീവിയാണ്. സിനിമയ്ക്കുവേണ്ടി ജനിച്ച ഒരു ക്യാരക്ടറാണത്. ഒരു സീൻ അഭിനയിക്കുമ്പോൾ എന്താണ് ചെയ്യാൻ പോകുന്നതെന്നോ എന്താണ് പറയാൻ പോകുന്നതെന്നോ നമുക്കൊരു പിടുത്തവും കിട്ടില്ല. ലാൽ റിഹേഴ്സൽ ഒന്നും ചെയ്ത് നോക്കാറില്ല. ലാൽ ഒരു സീൻ വെറുതെയൊന്ന് വായിച്ചിട്ട് അങ്ങ് മാറി നിൽക്കും. അല്ലാതെ മറ്റുള്ളവരെപ്പോലെ പഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
സീനൊക്കെ വായിച്ചിട്ട് ഞാൻ അടുത്തുള്ളവരോട് തമാശയൊക്കെ പറഞ്ഞ് സീൻ ആവുമ്പോഴേക്കും അഭിനയിക്കാൻ വരും. ഷോട്ട് റെഡിയാണോ എന്ന് ചോദിച്ചിട്ട് ലാൽ അഭിനയിക്കുന്നത് വേറെ ഒരു രീതിയിലായിരിക്കും.
ചില സമയങ്ങളിൽ ലാൽ റിഹേഴ്സൽ വേണമെന്ന് പറയും. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ലാൽ എന്തോ മനസിൽ വിചാരിച്ചിട്ടുണ്ട് എന്നാണ്. എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വ്യക്തി മോഹൻലാലാണ്,’ വിപിൻ മോഹൻ പറയുന്നു.
Content Highlight: Vipin Mohan Talk About Mohanlal