നാടോടിക്കാറ്റ്, വരവേൽപ്പ്, പട്ടണ പ്രവേശം, പിൻഗാമി തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്കായി ക്യാമറ കണ്ണുകളിൽ ഒതുക്കിയ ചായഗ്രാഹകനാണ് വിപിൻ മോഹൻ.
സത്യൻ അന്തിക്കാട് വിപിൻ മോഹൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. പിന്നീട് സംവിധായകനായും വിപിൻ മോഹൻ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ വിപിൻ മോഹനും സാധിച്ചിട്ടുണ്ട്.
നടൻ എന്നതിലുപരി ഒരു താരത്തിലേക്ക് മോഹൻലാൽ മാറിയപ്പോൾ വന്ന വ്യത്യാസങ്ങളെ കുറിച്ച് പറയുകയാണ് വിപിൻ മോഹൻ. പണ്ട് ലാലിന്റെ തോളിൽ കയ്യിട്ടു നടന്ന വ്യക്തിയാണ് താനെന്നും എന്നാൽ ഇന്ന് ലാലൊരു സൂപ്പർസ്റ്റാർ ആയപ്പോൾ തനിക്കത് പ്രായോഗികമല്ലെന്നും ലാലിനെ കാണണമെങ്കിൽ ചോദിക്കേണ്ട അവസ്ഥയായി മാറിയെന്നും മാസ്റ്റർ ബിനിനോടുള്ള അഭിമുഖത്തിൽ വിപിൻ മോഹൻ പറഞ്ഞു.
‘ഒരു കാലഘട്ടത്തിലെ നമുക്ക് ചില വേഷങ്ങൾ ചെയ്യാൻ കഴിയുകയുള്ളു. വയസ്സായ ഒരാൾ കോമഡി ചെയ്താൽ ആളുകൾക്ക് ചിലപ്പോൾ ഏൽക്കില്ല.
മോഹൻലാൽ ഇന്ന് ഒരുപാട് ഉയരത്തിൽ നിൽക്കുന്ന ഒരു സൂപ്പർ സ്റ്റാറാണ്. പണ്ട് അങ്ങനെയൊന്നും അല്ലല്ലോ. അന്ന് എന്ത് കോമാളിത്തരം വേണമെങ്കിലും കാണിക്കാമായിരുന്നു. ഇപ്പോൾ അങ്ങനെ പറ്റില്ല.
ഇന്ന് മോഹൻലാലിനെ എനിക്ക് കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ട്. കാരണം ഇന്ന് ലാലിന്റെ അടുത്ത് എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പണ്ട് ലാലെന്നാൽ ഞാൻ തോളിൽ കൈയിട്ട് നടന്ന വ്യക്തിയാണ്. ഇന്ന് എനിക്കങ്ങനെ പറ്റില്ലല്ലോ.