പൃഥ്വിരാജും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. ‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രത്തിനു ശേഷം വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ മെയ് 16നാണ് ചിത്രം പുറത്തിറങ്ങിയത്.
സിനിമ ഇതിനോടകം തന്നെ വമ്പന്‍ മുന്നേറ്റമാണ് തിയറ്ററുകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി അഞ്ചാം ദിവസം തന്നെ 50 കോടി എന്ന റെക്കോഡ് ക്ലബ്ബിലേക്ക് കുതിച്ചുകയറാനും ചിത്രത്തിന് സാധിച്ചിരുന്നു.
തമിഴ് നടന്‍ യോഗി ബാബു ആദ്യമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഇവര്‍ക്കെല്ലാം പുറമേ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. നിഖില വിമല്‍, അനശ്വര രാജന്‍ , ജഗദീഷ് തുടങ്ങിയ ഒരുപിടി മലയാളികളുടെ പ്രിയപെട്ട താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ കണ്ടതിനു ശേഷം പൃഥ്വിരാജിന് കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നുവെന്നും എന്നാല്‍ സിനിമ ഇറങ്ങിയതിന് ശേഷം ഇതെല്ലാം മാറിയെന്നും പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു വിപിന്‍.
‘ഇതുവരെ കോമഡി ചെയ്യാത്ത ഒരാളെ ഈ സിനിമയില്‍ കാസ്റ്റ് ചെയ്യണമെന്ന് എനിക്ക് കൃത്യമായ നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യം മുതലേ സിനിമയില്‍ കോമഡി ചെയ്ത ഒരാളെ കഥാപാത്രമായി കൊണ്ടു വന്നിട്ട് കാര്യമില്ല അത് വല്ലാതെ ഇംപ്രഷന്‍ ഉണ്ടാക്കില്ല എന്നും ആളുകള്‍ പറഞ്ഞിരുന്നു. സിനിമയുടെ ടീസര്‍ കണ്ടതിനുശേഷം പല ആളുകളും വേറെ ഓപ്ഷനുകള്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, എന്നാല്‍ പ്രേക്ഷകര്‍ക്ക് പൃഥ്വിരാജിന് കാണുമ്പോള്‍ ഒരു ഫ്രഷ് ഫീലാണ് ലഭിക്കുന്നത്,’ വിപിന്‍ദാസ് പറഞ്ഞു.
Content Highlight: Vipin Das talks the Reason of Casting Prithviraj in Guruvayoor Ambalanadayil Movie