| Sunday, 7th July 2024, 8:14 pm

അതോര്‍ത്ത് മാത്രമാണ് പേടിയെന്ന് രാജു; ആ സീന്‍ ആവശ്യമുണ്ടോയെന്ന് അവന്‍ സംശയിച്ചു: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ സിനിമക്കായി ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു ജോമോന്‍ ജോതിര്‍. ജോര്‍ജ് എന്ന കഥാപാത്രമായാണ് ജോമോന്‍ സിനിമയില്‍ എത്തിയത്. ഇതില്‍ ജോര്‍ജ് വേഷം മാറി അഞ്ജലിയുടെ (അനശ്വര രാജന്‍) വീട്ടില്‍ എത്തുന്ന സീന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്.

‘ഡബ്ബിങ്ങ് സമയത്ത് പോലും രാജു എന്നെ വിളിച്ച് ജോമോന്റെ സീന്‍ വര്‍ക്കായല്ലോ അല്ലേയെന്ന് ചോദിച്ചിരുന്നു. എല്ലാവര്‍ക്കും ആ സീന്‍ ഓര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. റിലീസിന് നാല് ദിവസം മുമ്പ് പോലും സീനിന്റെ അവസ്ഥ എന്താണെന്ന് രാജു ചോദിച്ചിട്ടുണ്ട്. ടെന്‍ഷന്‍ വേണ്ട വര്‍ക്കായിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഡബ്ബ് കൂടെ ചെയ്തപ്പോള്‍ നന്നായിട്ടുണ്ടെന്നാണ് ഞാന്‍ രാജുവിനോട് പറഞ്ഞത്.

‘ഉറപ്പാണല്ലോയല്ലേ, എനിക്ക് ഈ സിനിമയില്‍ ആ സീന്‍ മാത്രം ഓര്‍ത്താണ് പേടി’ എന്ന് രാജു പറഞ്ഞു. സേഫാണെന്ന് പറഞ്ഞ് ഞാന്‍ രാജുവിനെ സമാധാനിപ്പിച്ചു. പിന്നെ റിലീസിന് മുമ്പ് ഞങ്ങള്‍ സിനിമ കണ്ടിരുന്നു. അപ്പോള്‍ രാജു പറഞ്ഞത് ‘നന്നായിരുന്നു. ജോമോന്‍, അയാള്‍ ഒരു അസാധ്യ നടനാണ്’ എന്നായിരുന്നു. രാജുവിന് അത്രയും ടെന്‍ഷന്‍ ഉണ്ടായിരുന്ന ഒരു ഏരിയ ആയിരുന്നു അത്. രാജുവിനും ജഗദീഷേട്ടനും ഒരുപോലെ ടെന്‍ഷന്‍ ഉണ്ടായിരുന്നു.

ജഗദീഷേട്ടനും വിളിക്കുമ്പോള്‍ ആ സീന്‍ എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചിരുന്നു. ജഗദീഷേട്ടനും രാജുവുമുള്ള സീനായിരുന്നല്ലോ അത്. സീന്‍ ഓവര്‍ ദി ടോപ്പാണെന്നും അങ്ങനെയൊരു സീന്‍ സിനിമക്ക് ആവശ്യമുണ്ടോയെന്നും അവര്‍ക്ക് പേടിയുണ്ടായിരുന്നു. അതിന്റെ കൈയ്യടി മുഴുവന്‍ ജോമോന് തന്നെ കൊടുക്കണം. കാരണം അവര്‍ക്ക് പോലും പേടി തോന്നിയ സീന്‍ അവന്‍ നന്നായി ചെയ്തു,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more