ആ സീന്‍ കണ്ട് അയാളൊരു അസാധ്യ നടനാണെന്ന് രാജു; കൈയ്യടി മുഴുവന്‍ അവന് കൊടുക്കണം: വിപിന്‍ ദാസ്
Entertainment
ആ സീന്‍ കണ്ട് അയാളൊരു അസാധ്യ നടനാണെന്ന് രാജു; കൈയ്യടി മുഴുവന്‍ അവന് കൊടുക്കണം: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2024, 10:33 pm

ഗുരുവായൂരമ്പല നടയില്‍ സിനിമയില്‍ ആളുകളെ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് ജോമോന്‍ ജോതിറിന്റേത്. ചിത്രത്തില്‍ ജോര്‍ജ് എന്ന കഥാപാത്രമായാണ് താരമെത്തിയത്. സിനിമയില്‍ വേഷം മാറി ജോര്‍ജ് അഞ്ജലിയുടെ വീട്ടില്‍ എത്തുന്ന സീന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ആ സീനിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ബിങ്ങ് സമയത്ത് പോലും പൃഥ്വിരാജ് തന്നെ വിളിച്ച് സീനിനെ കുറിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ആ സീനില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ ജോമോന്‍ ഒരു അസാധ്യ നടനാണെന്ന് പൃഥ്വി പറഞ്ഞുവെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

‘ഗുരുവായൂരമ്പല നടയിലിന്റെ ഡബ്ബിങ്ങ് സമയത്ത് പോലും എന്നെ വിളിച്ച് രാജു ജോമോന്റെ സീനിനെ കുറിച്ച് ചോദിച്ചിരുന്നു. ആ സീന്‍ വര്‍ക്കാകുന്നതിനെ കുറിച്ചാണ് അവന്റെ സംശയം. രാജുവിന് മാത്രമായിരുന്നില്ല എല്ലാവര്‍ക്കും ആ സീനോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. രാജു സിനിമയുടെ റിലീസിന് നാല് ദിവസം മുമ്പ് പോലും ഈ സീനിന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചിട്ടുണ്ട്.

വെറുതെ ടെന്‍ഷനാവേണ്ട, സീന്‍ വര്‍ക്കായിട്ടുണ്ടെന്നും ഡബ്ബ് കൂടെ ചെയ്തപ്പോള്‍ നന്നായിട്ടുണ്ടെന്നും ഞാന്‍ അവനോട് പറഞ്ഞു. എനിക്ക് ആ സീന്‍ മാത്രം ഓര്‍ത്താണ് പേടിയെന്നാണ് രാജു പറഞ്ഞത്. ആ കാര്യം സേഫാണെന്ന് പറഞ്ഞ് ഞാന്‍ രാജുവിനെ അന്ന് സമാധാനിപ്പിച്ചു. തിയേറ്റര്‍ റിലീസിന് മുമ്പ് ഞങ്ങള്‍ ഒരുമിച്ച് സിനിമ കണ്ടിരുന്നു. അന്ന് ആ സീന്‍ കണ്ട് ‘നന്നായിരുന്നു. ജോമോന്‍, അയാള്‍ ഒരു അസാധ്യ നടനാണ്’ എന്നാണ് രാജു പറഞ്ഞത്.

രാജുവിന് അത്രയേറെ ടെന്‍ഷനുണ്ടായിരുന്ന ഏരിയയായിരുന്നു ആ സീന്‍. ജഗദീഷേട്ടനും അതുപോലെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ജഗദീഷേട്ടന്‍ എന്നെ വിളിച്ച് ആ സീന്‍ എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനെയൊരു സീന്‍ സിനിമക്ക് ആവശ്യമുണ്ടോയെന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷെ പേടിച്ചത് പോലെ ഒന്നുമുണ്ടായില്ല. അതിന്റെ കൈയ്യടി മുഴുവന്‍ ജോമോന് കൊടുക്കണം. കാരണം അവര്‍ക്ക് പോലും പേടി തോന്നിയ ആ സീന്‍ അവന്‍ നന്നായി ചെയ്തിരുന്നു,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das Talks About Joemon Jyothir