| Friday, 23rd August 2024, 12:41 pm

ജീത്തു ജോസഫ് അന്നത് ചെയ്തതുകൊണ്ടാണ് ഇന്ന് എനിക്കിവിടെ ഇരിക്കാന്‍ കഴിയുന്നത്: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ ഇറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകമായി സിനിമ ലോകത്തേക്ക് വന്ന ആളാണ് വിപിന്‍ ദാസ്. എന്നാല്‍ ആദ്യചിത്രം വന്‍ പരാജയം ആയതിനെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം അദ്ദേഹം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 2022ല്‍ അന്താക്ഷരി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ അദ്ദേഹത്തിന്റെ പിന്നീടുള്ള സിനിമകളെല്ലാം തന്നെ ഹിറ്റ് ചിത്രങ്ങളായിരുന്നു.

അന്താക്ഷരി ചെയ്തുകഴിഞ്ഞിട്ട് സിനിമ എവിടെ കൊടുക്കണമെന്ന് അറിയാതിരുന്നപ്പോള്‍ തന്നെ സഹായിച്ച വ്യക്തിയാണ് ജീത്തു ജോസഫ് എന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് വിപിന്‍ ദാസ്. താന്‍ മെയില്‍ അയച്ചിട്ട് കാണാതിരുന്നവര്‍ ജീത്തു ജോസഫ് വിളിച്ചപ്പോള്‍ മറുപടിനല്‍കിയെന്നും അതുകൊണ്ടാണ് തനിക്ക് അന്താക്ഷരി റിലീസ് ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ജീത്തു ജോസഫ് എനിക്ക് കൈതരുന്നൊരു ഫോട്ടോ ഇട്ടിരുന്നു. അതെനിക്ക് വളരെ ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ളൊരു ഫോട്ടോയാണ്. അന്താക്ഷരി ചെയ്തുകഴിഞ്ഞിട്ട് അത് എവിടെ കൊടുക്കണമെന്നോ എന്ത് ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു.

ജീത്തു ജോസഫ് ആ സിനിമ കണ്ടുകഴിഞ്ഞിട്ട് നിനക്ക് ഞാന്‍ ഈ സിനിമ വിറ്റുതരാം, ഈ സിനിമ എല്ലാവരും കാണണം, നിനക്കിത് എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്നെല്ലാം ചോദിച്ചു. എനിക്കാണെങ്കില്‍ ഒന്നും അറിയില്ലായിരുന്നു. അത് അദ്ദേഹത്തോടും പറഞ്ഞു.

ജീത്തു ചേട്ടന്‍ പല ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കൊക്കെ വിളിക്കുന്നുണ്ടായിരുന്നു. ഹോട്ട് സ്റ്റാറിലേക്കും സോണി ലൈവിലേക്കും അങ്ങനെ ഏതെല്ലാമോ ഒ.ടി.ടികളെ അദ്ദേഹം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇവര്‍ക്കൊക്കെ തന്നെ ഞാന്‍ മുമ്പ് മെയില്‍ അയച്ചതായിരുന്നു. അവരാരും അതൊന്ന് തുറന്നുപോലും നോക്കിയിട്ടില്ലായിരുന്നു. എന്നാല്‍ ജീത്തു ചേട്ടന്‍ അയച്ചപ്പോള്‍ അവര്‍ മറുപടി തന്നു.

അവരെല്ലാം സിനിമ കാണാന്‍ തയ്യാറായി. അതില്‍ അത്യാവശ്യം ലാഭമുള്ള വില പറഞ്ഞവര്‍ക്ക് നമ്മള്‍ സിനിമ കൊടുത്തു. നമ്മള്‍ സിനിമ ചെയ്താല്‍ മാത്രം പോരാ, നമ്മളെ ഒരു കൈതന്നു പിടിക്കാന്‍ കൂടെ ആരെങ്കിലും വേണം.

എന്റെ കാര്യത്തില്‍ ജീത്തുച്ചേട്ടന്‍ ചെയ്തു. എന്നാല്‍ അതിനദ്ദേഹം പ്രതിഫലം ഒന്നും വാങ്ങിച്ചില്ലായിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചത്, എനിക്ക് അദ്ദേഹം ചെയ്തുതന്നു അതുകൊണ്ട് ഞാനും ഒരു പത്തുപേര്‍ക്കെങ്കിലും കൈകൊടുക്കാം എന്ന്,’ വിപിന്‍ ദാസ് പറയുന്നു.

Content  Highlight: Vipin Das talks about Jeethu  Joseph 

We use cookies to give you the best possible experience. Learn more