മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ വ്യക്തിയാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായെത്തിയപ്പോള്‍ മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ തിയേറ്ററില്‍ വന്‍ വിജയമായിരുന്നു.
വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഈ സിനിമ മികച്ച അഭിപ്രായമായിരുന്നു നേടിയത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയുമായിരുന്നു ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
ഇപ്പോള്‍ നാഷിദിനൊപ്പം ജയ ജയ ജയ ജയഹേയുടെ കഥ പറയാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിപിന്‍ ദാസ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും നാഷിദും കൂടെ ജയ ജയ ജയ ജയഹേയുടെ കഥ പറയാന്‍ പോയി. അന്ന് ഫസ്റ്റ് ഡ്രാഫ്റ്റുമായിട്ടാണ് ഞങ്ങള്‍ പോകുന്നത്. പക്ഷെ കഥ പറയുന്നതിന്റെ ഇടയില്‍ പ്രൊഡ്യൂസര്‍ ഉറങ്ങിപ്പോയി. അദ്ദേഹം ചിലപ്പോള്‍ ബിരിയാണിയൊക്കെ തിന്നിട്ട് ഉച്ച സമയത്ത് കേട്ടത് കൊണ്ടാകും അദ്ദേഹം ഉറങ്ങി പോയത് എന്നായിരുന്നു നാഷിദ് പറഞ്ഞത്.
അല്ലാതെ നമ്മളുടെ കഥ മോശമായത് കൊണ്ടാകില്ലെന്നും അവന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ‘ബിരിയാണി കഴിച്ച് എ.സിയില്‍ ഇരുന്ന് സിനിമ കാണുന്നവരുണ്ടാകും. അവര് സിനിമ കാണുമ്പോള്‍ ഉറങ്ങരുത്. അവരെയും നമ്മള്‍ കണ്‍സിഡര്‍ ചെയ്യണം’ എന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടിയും നമ്മള്‍ സിനിമ ചെയ്യണം. അവരെയും കണ്‍സിഡറ് ചെയ്ത് വര്‍ക്ക് ചെയ്യണം എന്നതായിരുന്നു എന്റെ പ്ലാന്‍.
ചിലര് സിനിമ കണ്ടിട്ട് അവര്‍ക്ക് വര്‍ക്കായില്ലെന്ന് പറയാറുണ്ട്. അപ്പോള്‍ എന്റെ കൂടെയുള്ള ആളുകള്‍ പറയാറുള്ളത് ‘അയാള്‍ക്ക് ബുദ്ധിയില്ലാത്തത് കൊണ്ടോ അത് കിട്ടാത്തത് കൊണ്ടോവാകാം’ എന്നാണ്. ഇതുപോലെയുള്ള മണ്ടന്മാരും വരും, ഇവരെയും നമ്മള്‍ക്ക് ഇഷ്ടപ്പെടുത്തണം എന്നാണ് എന്റെ മറുപടി.
ആ ഒരു ആറ്റിറ്റിയൂഡ് ചേയ്ഞ്ചിലാണ് എല്ലാം വര്‍ക്കാകുന്നത്. ഇങ്ങനെ ചെയ്താലേ സിനിമ വര്‍ക്കാകുകയുള്ളൂവെന്ന് എനിക്ക് മനസിലായി. എല്ലാവരോടും എനിക്ക് അതേ പറയാനുള്ളൂ. വര്‍ക്ക് ചെയ്ത് എല്ലാവരെയും ഇഷ്ടപ്പെടുത്തണം എന്ന വാശിയുണ്ടാകണം,’ വിപിന്‍ ദാസ് പറഞ്ഞു.
Content Highlight: Vipin Das Talks About Jaya Jaya Jaya Jaya Hey