വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് അന്താക്ഷരി. സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, സുധി കോപ്പ, കോട്ടയം രമേഷ്, ബിനു പപ്പു, തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 2022 ഏപ്രില്‍ 22ന് സോണി ലൈവ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രം നിരവധി നിരൂപക പ്രശംസ നേടിയിരുന്നു.
സംവിധായകന്‍ വിപിന്‍ ദാസിന്റെ ആദ്യ ചിത്രമായ മുദ്ദുഗൗ തിയേറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം വിപിന്‍ ദാസിന്റെ അടുത്തൊരു സിനിമയിറങ്ങുന്നത് 2022ല്‍ ആയിരുന്നു. ആദ്യസിനിമക്ക് ശേഷം ആകെ തളര്‍ന്നുപോയെന്ന് വിപിന്‍ ദാസ് പറയുന്നു.
മുദ്ദുഗൗവിന് ശേഷമുള്ള സിനിമ അന്താക്ഷരിയുടെ കഥ നിരവധി പേരോട് പറഞ്ഞിരുന്നെന്നും താനാണ് നായകനെന്ന് പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയ വ്യക്തി പോലും അന്താക്ഷരിയുടെ തിരക്കഥ കൊള്ളില്ലെന്ന് പറഞ്ഞ് തിരസ്‌കരിച്ചെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് വിപിന്‍ ദാസ്.
‘മുദ്ദുഗൗവിന് ശേഷം ഓരോ വര്‍ഷവും കോണ്‍ഫിഡന്‍സ് കുറയുകയായിരുന്നു. സിനിമയില്‍ നിന്ന് ഒരുപാട് അകന്ന് പോയികൊണ്ടിരിക്കുന്നൊരു അവസ്ഥ ഉണ്ടായിരുന്നു. 2016ല്‍ ആണ് മുദ്ദുഗൗ സംഭവിക്കുന്നത്. അതിന് ശേഷം വളരെ തകര്‍ന്നൊരു അവസ്ഥയുണ്ടായിരുന്നു.
മമ്മൂട്ടി മോഹന്‍ലാല്‍ എന്ന് ആലോചിച്ചുകൊണ്ടിരുന്ന ഞാന്‍ പിന്നീട് ഹീറോ പോലും ആകില്ല എന്ന് വിചാരിക്കുന്ന ആളുകളോടുപോയി കഥ പറഞ്ഞു, അവര്‍പോലും അത് റിജെക്ട് ചെയ്തു.
സൈജു ചേട്ടനുമായി അന്താക്ഷരി ചെയ്യുന്നതിന് മുമ്പ് ഞാന്‍ പോയി ഒരാളോട് നിങ്ങളെ ഹീറോ ആക്കി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അയാള്‍ ആദ്യത്തെ ഹീറോ ആയി അഭിനയിക്കേണ്ട സിനിമയായിരുന്നു അത്. അതുവരെ അദ്ദേഹം മറ്റൊരു സിനിമയിലും നായകനായി അഭിനയിച്ചിരുന്നില്ല. ഈ പടം കൊള്ളില്ലെന്ന് പറഞ്ഞ് അയാളും ആ സിനിമ റിജെക്ട് ചെയ്തു.
അതിന്റെ താഴേയ്ക്ക് ഇനി ആരും ഇല്ല. കഥപറയുന്നതിന് മുമ്പ് താങ്കളാണ് ഹീറോ എന്ന് പറഞ്ഞപ്പോള്‍ ഞാനോ എന്ന് ചോദിച്ച് അത്ഭുതപ്പെട്ട വ്യക്തിപോലും ആ സിനിമ റിജെക്ട് ചെയ്തു. റിജെക്ഷന്റെ ഒരു പെരുമഴതന്നെ എനിക്കുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ തന്നെ രണ്ടോ മൂന്നോ പേരോട് മാത്രമേ ഞാന്‍ കഥ പറയാതിരുന്നത്. ബാക്കി എല്ലാവരും കഥ കേള്‍ക്കുകയും അത് റിജെക്ട് ചെയ്യുകയും ചെയ്തു,’ വിപിന്‍ ദാസ് പറയുന്നു.
Content Highlight: Vipin Das talks about his film Antakshari