വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത് ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് വാഴ-ബിയോപിക്ക് ഓഫ് എ ബില്യണ്‍ ബോയ്‌സ്. ഒരുപിടി പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇന്‍സ്റ്റഗ്രം റീല്‍സിലൂടെ വലിയൊരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുത്ത ആളാണ് ഹാഷിര്‍. ഹാഷിറിന്റെയും സുഹൃത്തുക്കളുടെയും കോണ്ടെന്റുകള്‍ക്ക് നല്ല രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറ്. ഹാഷിറിന്റെയും സുഹൃത്തുക്കളായ അലന്‍, വിനായക്, അജിന്‍ എന്നിവരുടെയും സിനിമയിലേക്കുള്ള എന്‍ട്രി കൂടിയാണ് വാഴ.
ഹാഷിര്‍ തുടക്കത്തില്‍ അല്‍പ്പം നാണവും പേടിയുമുള്ള വ്യക്തി ആയിരുന്നെന്ന് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് വിപിന്‍ ദാസ്. ആദ്യം ഒന്ന് രണ്ടു സീനുകളില്‍ മാത്രമുണ്ടായിരുന്ന ഹാഷിറിനെ പിന്നീട് പെര്‍ഫോമന്‍സ് കണ്ട് മറ്റുസീനുകളിലേക്കും ചേര്‍ക്കുകയായിരുന്നെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ ദാസ് പറയുന്നു.
‘സിനിമയിലെ ഒരു സീന്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് അതിലേക്ക് ഹാഷിറിനെ കൂടെ ചേര്‍ക്കണമെന്ന് തോന്നി, ഞാന്‍ അവനെ ആഡ് ചെയ്തു. ഹാഷിര്‍ വന്ന സീനുകളൊക്കെ അവന്‍ അടിപൊളി ആകുന്നുണ്ട്, നന്നായി ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ബേസിലും ആയുള്ള സീനിലും ഞാന്‍ ഹാഷിറിനെ ആഡ് ചെയ്തു. അങ്ങനെ അവിടെ വെച്ച് ഇമ്പ്രോവൈസേഷന്‍ തുടങ്ങി.
ഹാഷിര്‍ ഭയങ്കര നാണം കുണുങ്ങിയും പേടിയൊക്കെ ഉള്ളൊരു ആളായിരുന്നു. അവന് അങ്ങനൊരു ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞാന്‍ പറഞ്ഞു നീ ഒന്ന് രണ്ടു ദിവസം ലൊക്കേഷനില്‍ വന്നുനോക്ക്, അവിടെ നിന്ന് എല്ലാം കണ്ട് ഒന്ന് ചെയ്തുനോക്ക്. വര്‍ക്ക് ആകുകയാണെങ്കില്‍ നമുക്ക് അടുത്തതായിട്ട് പോകാം, നീ ഇതില്‍നിന്ന് വിട്ട് പോയാലും കുഴപ്പമില്ല, നീ അല്ലല്ലോ ഹീറോ എന്നൊക്കെ ഞാന്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ ചെയ്യാം ചേട്ടാ നമുക്ക് നോക്കാം എന്ന് പറഞ്ഞു പിറ്റേന്ന് തൊട്ട് വരാന്‍ തുടങ്ങി. അവര്‍ നാലുപേരും ഒന്നിച്ചു വരുകയും ഒന്നിച്ചു പോകുകയും ഒരു മുറിയില്‍ത്തന്നെ കിടക്കുന്നവരൊക്കെ ആയിരുന്നു.
അവര്‍ രാവിലെ ലൊക്കേഷനിലേക്ക് വരും, ഞാന്‍ ഒരു സീന്‍കൊടുക്കും അവരത് വര്‍ക്ക് ആകുന്നു, അടുത്തൊരു സീന്‍ കൊടുക്കുന്നു, വീണ്ടും കൊടുക്കുന്നു, അതൊക്കെ ശരിയാക്കി അവരവിടെ ആ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പോയി. നേരത്തെ എഴുതിവെച്ച തിരക്കഥയുടെ തുടര്‍ച്ചയൊന്നുമല്ലായിരുന്നു അവര്‍ക്ക് കൊടുത്തത്. അപ്പോള്‍ എന്താണോ വരുന്നത് അത് കൊടുക്കും അവരത് നന്നായി തന്നെ ചെയ്യും,’ വിപിന്‍ ദാസ് പറയുന്നു.
Content Highlight: Vipin Das talks about Hashir in Vaazha movie