| Monday, 20th May 2024, 9:59 pm

ഡിലീറ്റ് ചെയ്യാമെന്ന് കരുതിയ ആ സീനുകളില്‍ ആളുകള്‍ പൊട്ടിച്ചിരിച്ചു; ചിരി പ്രതീക്ഷിച്ച സീനുകള്‍ താഴെ പോയി: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. 2022ല്‍ അന്താക്ഷരിയെന്ന ചിത്രം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വലിയ വിജയ ചിത്രമായിരുന്നു അതേ വര്‍ഷം തന്നെയിറങ്ങിയ ജയ ജയ ജയ ജയ ഹേ.

ആ സിനിമക്ക് ശേഷം വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. നിഖില വിമല്‍, പൃഥ്വിരാജ് സുകുമാരന്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രം ഒരു കോമഡി ഴോണറില്‍ ഉള്‍പ്പെടുന്നതാണ്.

പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിലെ കോമഡിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കോമഡി പടം ചെയ്യുമ്പോള്‍ നൂറ് കോമഡി പറഞ്ഞാല്‍ ചിലപ്പോള്‍ അതില്‍ എഴുപത് എണ്ണമേ വര്‍ക്കാകുള്ളു. ബാക്കി മുപ്പത് എണ്ണം വര്‍ക്കാകില്ല. പക്ഷെ ആ ചീറ്റി പോയ മുപ്പതെണ്ണം സിനിമയുടെ സെക്കന്റ് ഹാഫില്‍ എവിടെയാണെന്ന് നമ്മള്‍ വിചാരിക്കും.

തിയേറ്ററില്‍ ആളുകള്‍ ചിരിക്കുമോ ഇല്ലയോ എന്ന് നമുക്കറിയില്ലല്ലോ. നമ്മള്‍ പ്രതീക്ഷിക്കാത്ത സീനുകളില്‍ ആളുകള്‍ ചിരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് കരുതിയ സീനുകള്‍ ഉണ്ടായിരുന്നു. അതിലൊക്കെ ആളുകള്‍ നന്നായി പൊട്ടിച്ചിരിച്ചിട്ടുണ്ട്.

എന്നാല്‍ നമ്മള്‍ വലിയ രീതിയില്‍ ചിരി വരുമെന്ന് കരുതിയ സീനുകള്‍ താഴെ പോയിട്ടുണ്ട്. മാക്‌സിമം ഫില്‍ ചെയ്തിടുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്. ജോമോന്റെ കോമഡികളിലൊക്കെ യൂത്ത് ആഘോഷിച്ച് പൊട്ടിച്ചിരിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു പ്രായത്തിലുള്ള ആളുകള്‍ക്ക് അത് കിട്ടുന്നില്ല,’ വിപിന്‍ ദാസ് പറഞ്ഞു.


Content Highlight: Vipin Das Talks About Guruvayoor Ambalanadayil Movie Comedy Scenes

We use cookies to give you the best possible experience. Learn more