Entertainment
ആ പ്രേം നസീര്‍ ചിത്രത്തിന്റെ റീക്രിയേഷന്‍; ഞാനൊരു ബ്ലാക്ക് ഏന്‍ഡ് വൈറ്റ് സിനിമയെ പറ്റി ചിന്തിച്ചു: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 13, 10:39 am
Monday, 13th January 2025, 4:09 pm

2016ല്‍ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. എന്നാല്‍ ആദ്യ ചിത്രം പരാജയമായിരുന്നു. രണ്ടാമത്തെ സിനിമയായ അന്താക്ഷരി 2022ല്‍ സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്.

വിപിന്റെ മൂന്നാമത്തെ ചിത്രം ജയ ജയ ജയ ജയഹേ 2022ലെ മലയാളം സിനിമകളില്‍ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയങ്ങളിലൊന്നായിരുന്നു. അതിന് ശേഷം പൃഥ്വിരാജ് സുകുമാരനെയും ബേസില്‍ ജോസഫിനെയും നായകന്മാരാക്കി ഇറങ്ങിയ ഗുരുവായൂരമ്പല നടയിലും മികച്ച ചിത്രമായിരുന്നു.

സോഷ്യല്‍ മീഡിയ താരങ്ങളെ നായകന്മാരാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ എന്ന സിനിമക്കായി തിരക്കഥ എഴുതിയതും വിപിന്‍ ദാസായിരുന്നു. താനൊരു സമയത്ത് ബ്ലാക്ക് ഏന്‍ഡ് വൈറ്റ് സിനിമ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിരുന്നെന്ന് പറയുകയാണ് വിപിന്‍.

അതൊരു കോമഡി പടമായിരുന്നെന്നും പണ്ടത്തെ ലങ്കാദഹനം സിനിമ റീക്രിയേറ്റ് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു ചിന്തിച്ചതെന്നും സംവിധായകന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊരു സമയത്ത് ബ്ലാക്ക് ഏന്‍ഡ് വൈറ്റ് സിനിമ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിരുന്നു. പക്ഷെ അതില്‍ എനിക്ക് കുറേ കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അതിന്റെ ക്വാളിറ്റിയില്‍ ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു എന്റെ സംശയം.

ഏത് ഴോണറിലായിരുന്നുവെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും ഒരു കോമഡി പടമായിരുന്നു ചെയ്യാന്‍ ഉദ്ദേശിച്ചത്. വെറുതെ ആലോചിച്ചതായിരുന്നു അത്. പണ്ടത്തെ ലങ്കാദഹനം സിനിമ റീക്രിയേറ്റ് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

ബ്ലാക്ക് ഏന്‍ഡ് വൈറ്റില്‍ തന്നെ ചെയ്യാമെന്നായിരുന്നു കരുതിയത്. ‘ലങ്കാദഹനം 2‘ എന്നൊക്കെ പറഞ്ഞിട്ട് വേണമെങ്കില്‍ ചെയ്യാം. ഈ കാലഘട്ടമല്ല ഉദ്ദേശിച്ചത്. അതിനകത്ത് വേറെ കുറേ കാര്യങ്ങള്‍ ഞാന്‍ ആഡ് ചെയ്തിരുന്നു.

പക്ഷെ അത് പെര്‍ഫോം ചെയ്യാനുള്ള ആര്‍ട്ടിസ്റ്റ് ഇല്ലാത്ത പ്രശ്‌നം ഉണ്ടാകും. പിന്നെ നമ്മള്‍ അവരെ ട്രെയിന്‍ ചെയ്ത് പഴയ മോഡിലോട്ട് കൊണ്ടുവന്ന് ട്രീറ്റ് ചെയ്യേണ്ടി വരും. അങ്ങനെ ചെയ്യുമ്പോള്‍ കോമഡിയൊക്കെ ചീറ്റിപോയാല്‍ പിന്നെ മൊത്തത്തില്‍ ചീറ്റി പോകും.

അപ്പോള്‍ അതില്‍ വലിയ റിസ്‌ക്ക് എലമെന്റ് ഉണ്ടായിരുന്നു. അതിന്റെ ബജറ്റും ഒരു പ്രശ്‌നമായിരുന്നു. കൂടെ സിനിമയുടെ ലൈറ്റിങ്ങും സെറ്റപ്പുമൊക്കെ ചെയ്യാന്‍ പ്രയാസമാണ്. വെറുതെ ആലോചിച്ച സിനിമയായിരുന്നു. ബ്ലാക്ക് ഏന്‍ഡ് വൈറ്റ് സിനിമ ചെയ്യുമ്പോള്‍ അതിന്റെ ലൈറ്റിങ്ങിലാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടുക,’ വിപിന്‍ ദാസ് പറയുന്നു.

ലങ്കാദഹനം:

ഗണേഷ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ കെ.പി. കൊട്ടാരക്കര നിര്‍മിച്ച മലയാളചിത്രമാണ് ലങ്കാദഹനം. ജെ. ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രേം നസീര്‍, അടൂര്‍ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിരുമേനി പിക്‌ചേഴ്‌സും, അസോസിയേറ്റഡ് റിലീസും ചേര്‍ന്നു വിതരണം ചെയ്ത ഈ ചിത്രം 1971നായിരുന്നു റിലീസ് ചെയ്തത്.

Content Highlight: Vipin Das Talks About Black And White Movie And Prem Nazir’s Lankhadahanam Movie