തമിഴിൽ ഇറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ക്രൈം ത്രില്ലർ ചിത്രമായിരുന്നു രാക്ഷസൻ. റാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാൽ ആയിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. ത്രില്ലർ സിനിമകളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് രാക്ഷസൻ. ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.
രാക്ഷസനെ കുറിച്ച് പറയുകയാണ് സംവിധായകൻ വിപിൻ ദാസ്. വിപിൻ ദാസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമായിരുന്നു അന്താക്ഷരി. ചിത്രം ഒ.ടി.ടി റിലീസായിട്ടായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം തിയേറ്റർ റിലീസിന് വേണ്ടിയാണ് ഒരുക്കിയതെന്നും ആ സമയത്താണ് തമിഴിലെ രാക്ഷസൻ ഇറങ്ങുന്നതെന്നും വിപിൻ പറയുന്നു.
രാക്ഷസൻ തനിക്ക് നന്നായി ഇഷ്ടപ്പെട്ടെന്നും എന്നാൽ അതിനുമുകളിലേക്ക് അന്താക്ഷരി എടുക്കാൻ കഴിയില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും വിപിൻ വണ്ടർവാൾ മീഡിയയോട് പറഞ്ഞു.
‘അന്താക്ഷരി സത്യത്തിൽ തിയേറ്റർ സിനിമയായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. വളരെ കോമേഴ്‌ഷ്യലായ പാട്ടും ഡാൻസും ആക്ഷനുമെല്ലാമുള്ള ഒരു സിനിമയായിട്ടായിരുന്നു അന്താക്ഷരി പ്ലാൻ ചെയ്തത്. ഭയങ്കര സിനിമയായിരുന്നു.
നല്ല രസമുള്ള ആ മൂഡിലുള്ള ഒരു സിനിമയായിരുന്നു അത്. പക്ഷെ ആ സമയത്താണ് തമിഴിൽ രാക്ഷസൻ ഇറങ്ങുന്നത്. രാക്ഷസന്റെ ഒരു മൂഡിലൊക്കെ കുറെ പോവുന്ന ചിത്രമായിരുന്നു അന്താക്ഷരി. സത്യം പറഞ്ഞാൽ രാക്ഷസൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
അന്താക്ഷരി ചെയ്യണമെങ്കിൽ അതിന് മുകളിൽ ചെയ്യണം. പക്ഷെ അന്താക്ഷരി രാക്ഷസന് മുകളിൽ പോവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിന്റെ മുകളിൽ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു. കാരണം അത്രക്കും ബ്രില്ല്യന്റായാണ് അവർ രാക്ഷസൻ എക്സിക്യൂട്ട് ചെയ്തിട്ടുള്ളത്,’ വിപിൻ ദാസ് പറയുന്നു.