| Tuesday, 4th June 2024, 1:28 pm

തിയേറ്റർ റിലീസിന് വേണ്ടി ഒരുക്കിയ കൊമേഴ്ഷ്യൽ പടമാണത്, പക്ഷെ അപ്പോഴാണ് തമിഴിലെ രാക്ഷസൻ ഇറങ്ങിയത്: വിപിൻ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് വിപിൻ ദാസ്. കോമഡി സിനിമയിലൂടെ ആരംഭിച്ച വിപിൻ ദാസ് അടുത്തതായി ചെയ്ത ചിത്രം ത്രില്ലർ ചിത്രമായ അന്താക്ഷരിയായിരുന്നു.

എന്നാൽ ജയ ജയ ജയ ജയഹേ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിപിൻ ദാസ് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയഹേ. വളരെ സീരിയസായ ഒരു വിഷയത്തെ തമാശയിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ.

വിപിൻ ദാസ് സംവിധാനം ചെയ്ത ഏറ്റവും അവസാനത്തെ ചിത്രം ഗുരുവായൂരമ്പല നടയിൽ മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുകയാണ്.
ബേസിൽ ജോസഫ്, പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

വിപിൻ ചെയ്ത വളരെ വ്യത്യസ്തമായ സിനിമയായിരുന്നു അന്താക്ഷരി. ഒ.ടി.ടിയിലൂടെ റിലീസായ ചിത്രത്തിൽ സൈജു കുറുപ്പായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

എന്നാൽ അന്താക്ഷരി ശരിക്കും ഒരു കോമേഴ്‌ഷ്യൽ ചിത്രമായിരുന്നുവെന്നും തിയേറ്റർ റിലീസിന് വേണ്ടിയാണ് ആ സിനിമ ഒരുക്കിയതെന്നും വിപിൻ പറയുന്നു. എന്നാൽ തമിഴിൽ ഇറങ്ങിയ രാക്ഷസൻ എന്ന ചിത്രം തനിക്ക് നന്നായി ഇഷ്ടമായെന്നും അതിന് മുകളിലേക്ക് അന്താക്ഷരി പോവില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും വിപിൻ പറഞ്ഞു. വണ്ടർവാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്താക്ഷരി സത്യത്തിൽ തിയേറ്റർ സിനിമയായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. വളരെ കോമേഴ്‌ഷ്യലായ പാട്ടും ഡാൻസും ആക്ഷനുമെല്ലാമുള്ള ഒരു സിനിമയായിട്ടായിരുന്നു അന്താക്ഷരി പ്ലാൻ ചെയ്തത്. ഭയങ്കര സിനിമയായിരുന്നു.

നല്ല രസമുള്ള ആ മൂഡിലുള്ള ഒരു സിനിമയായിരുന്നു അത്. പക്ഷെ ആ സമയത്താണ് തമിഴിൽ രാക്ഷസൻ ഇറങ്ങുന്നത്. രാക്ഷസന്റെ ഒരു മൂഡിലൊക്കെ കുറെ പോവുന്ന ചിത്രമായിരുന്നു അന്താക്ഷരി. സത്യം പറഞ്ഞാൽ രാക്ഷസൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

അന്താക്ഷരി ചെയ്യണമെങ്കിൽ അതിന് മുകളിൽ ചെയ്യണം. പക്ഷെ അന്താക്ഷരി രാക്ഷസന് മുകളിൽ പോവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിന്റെ മുകളിൽ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു. കാരണം അത്രക്കും ബ്രില്ല്യന്റായാണ് അവർ രാക്ഷസൻ എക്സിക്യൂട്ട് ചെയ്തിട്ടുള്ളത്,’ വിപിൻ ദാസ് പറയുന്നു.

Content Highlight: Vipin Das Talk About Rakshasan Movie And Anthakshari Movie

We use cookies to give you the best possible experience. Learn more