'ജയ ജയ ജയ ജയഹേ'യിലെ രാജേഷിനെ പോലെയായിരുന്നു ഞാൻ, ഞങ്ങൾ കണ്ടുമുട്ടുന്നത് വരെ: വിപിൻ ദാസ്
Entertainment
'ജയ ജയ ജയ ജയഹേ'യിലെ രാജേഷിനെ പോലെയായിരുന്നു ഞാൻ, ഞങ്ങൾ കണ്ടുമുട്ടുന്നത് വരെ: വിപിൻ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th June 2024, 9:07 pm

മുദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് വിപിൻ ദാസ്. കോമഡി സിനിമയിലൂടെ ആരംഭിച്ച വിപിൻ ദാസ് അടുത്തതായി ചെയ്ത ചിത്രം ത്രില്ലർ ചിത്രമായ അന്താക്ഷരിയായിരുന്നു.

എന്നാൽ ജയ ജയ ജയ ജയഹേ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിപിൻ ദാസ് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയഹേ. വളരെ സീരിയസായ ഒരു വിഷയത്തെ തമാശയിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ.

തന്റെ പാർട്ണറായ അശ്വതിയെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ ജയ ജയ ജയ ജയഹേ എന്ന സിനിമ സംഭവിക്കില്ലായിരുന്നുവെന്നാണ് വിപിൻ ദാസ് പറയുന്നത്. തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നത് അശ്വതി വന്നതിന് ശേഷമാണെന്നും അതിന് മുമ്പ് ജയ ജയ ജയ ജയഹേയിലെ ബേസിൽ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തെ പോലെയൊക്കെയായിരുന്നു താനെന്നും വിപിൻ പറയുന്നു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു വിപിൻ.

‘2008-ലാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്കൊരുപാട് മാറ്റങ്ങൾ വന്നത് അച്ചു വന്ന ശേഷമാണ്. ഞങ്ങൾ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ, ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമ നടക്കില്ലായിരുന്നു എന്നുവരെ തോന്നിയിട്ടുണ്ട്.

ചിലപ്പോൾ നമ്മളിൽ പലരും സിനിമയിലെ രാജേഷിനെപ്പോലെയുള്ള ഒരാളായിരുന്നിരിക്കാം. പിന്നീട് ഒരു പാർട്‌ണർ വരുമ്പോഴാണ് നമ്മളീ ചെയ്യുന്നത് ശരിയല്ലെന്ന് തിരിച്ചറിയുന്നത്.

എന്റെ ജീവിതത്തിലും അങ്ങനെത്തന്നെ. ‘ജയ ഹേ’ ചെയ്യുമ്പോൾ അതിലെ പൊളിറ്റിക്കൽ കറക്ട്നെസിനെക്കുറിച്ചും മറ്റും പറഞ്ഞുതന്നത് അച്ചുവാണ്,’ വിപിൻ ദാസ് പറയുന്നു.

 

Content Highlight: Vipin Das Talk About His Partner And Jaya Jaya Jaya He Movie