ഈ വർഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.
ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്ന വാഴ എന്ന ചിത്രത്തിന്റെ കഥ ഒരുക്കിയത് വിപിൻ ദാസാണ്. തന്റെ അടുത്ത ചിത്രത്തെ കുറിച്ച് പറയുകയാണ് വിപിൻ ദാസ്. നേരത്തെ ഫഹദ് ഫാസിലും എസ്.ജെ സൂര്യയും ഒന്നിക്കുന്ന ഒരു ഗ്യാങ്സ്റ്റർ ചിത്രം ചെയ്യുമെന്ന് വിപിൻ ദാസ് പറഞ്ഞിരുന്നു. എന്നാൽ ആ സിനിമ ഉടനെയില്ലെന്നും അടുത്ത ചിത്രം പൃഥ്വിരാജിനൊപ്പമാണെന്നും വിപിൻ ദാസ് പറയുന്നു.
ജയ ജയ ജയ ജയഹേയും വാഴയുമൊക്കെ പോലെ തന്റെ ഒരു സ്റ്റൈലിൽ ഉള്ള ചിത്രമാണ് അതെന്നും അങ്ങനെ ഒരു സിനിമ വേണമെന്ന് പൃഥ്വിയുടെ നിർബന്ധമാണെന്നും വിപിൻ ദാസ് പറയുന്നു. ഗുരുവായൂരമ്പല നടയിൽ തന്റെ സ്റ്റൈലിലുള്ള ഒരു ചിത്രമായിരുന്നില്ലെന്നും ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വിപിൻ ദാസ് കൂട്ടിച്ചേർത്തു.
‘എന്റെ അടുത്ത ചിത്രവും പൃഥ്വിരാജിനൊപ്പമാണ്. നേരത്തെ തീരുമാനിച്ചിരുന്ന ഫഹദ് – എസ്. ജെ സൂര്യ ചിത്രം അടുത്ത വർഷമേയുള്ളൂ. കാരണം അതിന്റെ ഡേറ്റ് ഒരുപാട് നീങ്ങുന്നുണ്ട്.
പൃഥ്വിരാജിന്റെ ആ സിനിമ ജയ ജയ ജയ ജയഹേടെയും വാഴയുടെയുമെല്ലാം ഇടയിൽ നിൽക്കുന്ന ഒരു കുഞ്ഞു ചിത്രമാണ്. അതിലും മൊത്തം പുതിയ ആളുകളാണ്.
പൃഥ്വിരാജിനോട് ഞാൻ ആദ്യം ഈ കഥ പറഞ്ഞിരുന്നു. അപ്പോൾ എന്നോട് പറഞ്ഞത്, എനിക്ക് നിങ്ങളുടെ പ്രൊസസിൽ ഒരു സിനിമ ചെയ്യണമെന്നാണ്. ഗുരുവായൂരമ്പല നടയിൽ എന്റെ പ്രൊസസിലുള്ള ഒരു ചിത്രമല്ല.
അത് വലിയ കെട്ടുകാഴ്ചകളും വലിയ ബഹളവുമെല്ലാമുള്ള ഒരു ചിത്രമാണല്ലോ. നിങ്ങൾ ചെയ്യുന്ന ജയ ജയ ഒക്കെ പോലുള്ള കുറച്ച് പുതിയ രീതിയിലുള്ള പുതിയ ആളുകളുള്ള നിങ്ങളുടെ രീതിയിലുള്ള ഒരു സിനിമ വേണമെന്നാണ് പൃഥ്വി പറഞ്ഞത്. ഞാൻ അതിൽ ഒരുപാട് ഹാപ്പിയാണെന്നും നമുക്ക് അങ്ങനെ ഒരെണ്ണം ചെയ്യാമെന്ന് പറഞ്ഞതും പൃഥ്വിയാണ്,’വിപിൻ ദാസ് പറയുന്നു.
Content Highlight: Vipin Das Talk About His Next Film With Prithviraj