മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, ചിത്രം, കിലുക്കം, വന്ദനം തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്.
കോമഡി ചിത്രങ്ങൾക്കൊപ്പം മികച്ച സിനിമകൾ സമ്മാനിക്കാനും പ്രിയദർശൻ ശ്രമിക്കാറുണ്ട്. പ്രിയദർശന്റെ കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ മലയാളത്തിലുണ്ട്. അത്തരത്തിൽ ഇന്നും മലയാളികൾ റിപ്പീറ്റ് അടിച്ച് കാണുന്ന പ്രിയദർശൻ – മോഹൻലാൽ ചിത്രമാണ് കാക്കകുയിൽ.
മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, ജഗതി, കവിയൂർ പൊന്നമ്മ തുടങ്ങി വമ്പൻ താരനിര ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നില്ല. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടപ്പോൾ അത് തനിക്കൊരു ഷോക്കായിരുന്നു എന്നാണ് സംവിധായകൻ വിപിൻ ദാസ് പറയുന്നത്.
കാക്കകുയിൽ കണ്ടപ്പോൾ സിനിമ തീർന്നു പോവാരുതെന്ന് തനിക്ക് തോന്നിയെന്നും എന്നാൽ പരാജയമായെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടെന്നും വിപിൻ ദാസ് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിപിൻ ദാസ്.
‘കാക്കകുയിൽ കണ്ടപ്പോൾ ഈ സിനിമ തീർന്ന് പോവരുതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാക്കകുയിൽ തിയേറ്ററിൽ വലിയ വിജയമൊന്നും ആയിട്ടില്ല. ഞാൻ ഫസ്റ്റ് ഡേ കാണുമ്പോൾ തന്നെ ആ ചിത്രം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അത് തീർന്ന് പോവരുതേ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു
ഞാൻ അങ്ങനെ നല്ല സിനിമായെന്ന് പറഞ്ഞു ഒരുപാട് സന്തോഷത്തോടെ തിയേറ്ററിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ പടം ബോക്സ് ഓഫീസിൽ പരാജയമായി പോയി. എനിക്കത് ഒരു ഷോക്കായിരുന്നു. കാരണം എനിക്കത്രയും ആഗ്രഹമുണ്ടായിരുന്നു ആ സിനിമ തുടർച്ചയായി കണ്ടുകൊണ്ടിരിക്കാൻ,’വിപിൻ ദാസ് പറയുന്നു.
അതേസമയം വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ ഒ. ടി. ടി റിലീസിന് ശേഷവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ തുടങ്ങിയവർ ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു.
Content Highlight: Vipin Das Talk About Failure Of Kakkakuyil Movie