| Thursday, 29th August 2024, 4:54 pm

പതിനായിരം വട്ടമാണ് ഞാൻ ആ ചിത്രം കണ്ടത്, ബോറടിച്ച ഒരുപാട് സീനുകളുണ്ട്; സൂപ്പർ ഹിറ്റിനെ കുറിച്ച് വിപിൻ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ വന്‍ വിജയമായി. തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴയുടെ രചനയും വിപിന്‍ ദാസ് തന്നെയാണ്.

തന്റെ സിനിമകളിൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ മാറാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും താൻ ചെയ്യാറുണ്ടെന്ന് പറയുകയാണ് വിപിൻ ദാസ്. അത് ഉറപ്പുവരുത്തിയ ശേഷമാണ് ഗുരുവായൂരമ്പല നടയിൽ റിലീസ് ചെയ്തതെന്നും കണ്ടപ്പോൾ ബോറടിച്ച ഒരുപാട് സീനുകൾ സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്‌തെന്നും വിപിൻ ദാസ് പറയുന്നു. അതിനായി ഒരു പതിനായിരം വട്ടം ഗുരുവായൂരമ്പല നടയിൽ കണ്ടിട്ടുണ്ടെന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബേസിക്കലി സിനിമയിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറാതിരിക്കാനുള്ള എല്ലാ പരിപാടിയും ഞാൻ എടുത്തിട്ടുണ്ട്. ആ ഉറപ്പിലാണ് ഗുരുവായൂരമ്പല നടയിൽ ഇറക്കിയിട്ടുള്ളത്. എന്റെ ഇറങ്ങിയ മൂന്ന് സിനിമയിലും ഞാൻ ആ ഗ്യാരണ്ടി പറയാം.

ഒരു സെക്കന്റ്‌ പോലും കണ്ണെടുക്കാൻ പറ്റില്ലെന്ന് ഉറപ്പായിട്ടും ഞാൻ വിശ്വസിക്കുന്നു. ഞാൻ തന്നെ കണ്ടിട്ട് എനിക്ക് ബോറടിക്കുന്നുണ്ടോയെന്ന് നോക്കുന്നുണ്ട്. ഞാനൊരു പതിനായിരം തവണ ഗുരുവായൂരമ്പല നടയിൽ കണ്ടിട്ടുണ്ടാവും. അങ്ങനെ കണ്ടിട്ട് എനിക്ക് ബോറടിച്ച് എത്രയോ സീനുകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട്.

ചിലപ്പോൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാവുന്ന സീനുകളുണ്ടാവും. പക്ഷെ ഞാൻ വിടില്ല, ഇവിടെ ആളുകളുടെ ശ്രദ്ധ പോവുമെന്ന് പറഞ്ഞ് ഞാൻ അത് ഡിലീറ്റ് ചെയ്യാൻ പറയും. കോസ്റ്റ്യൂമെല്ലാം നന്നായിട്ടുണ്ടെന്ന് വൈഫിനോട് എല്ലാവരും പറയുമ്പോൾ ആളുകളുടെ സീൻ കഥയിൽ നിന്ന് വിട്ട് പോവുമെന്ന് ഞാൻ പറയും.

ഞാൻ അങ്ങനെ ശ്രദ്ധിക്കുന്നുണ്ട്. തിയേറ്ററിൽ ഇരിക്കുന്ന ആളുകളുടെ ശ്രദ്ധ സ്‌ക്രീനിൽ നിന്ന് ഫോണിലേക്ക് പോവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇങ്ങനെ ശ്രദ്ധിച്ചാൽ അതൊക്കെ സാധ്യമാവും. വേറേ ഒന്നിനെ കുറിച്ചും ചിന്തിക്കണ്ട,’വിപിൻ ദാസ് പറയുന്നു.

Content Highlight: Vipin Das Talk About Deleted Scenes In GuruvayurambalaNadayil Movie

We use cookies to give you the best possible experience. Learn more