പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ സിനിമക്കായി ഒന്നിച്ചിരുന്നു.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘ഒ.ടി.ടിയില്‍ കാണുമ്പോള്‍ ഒരു റിക്വസ്റ്റ് മാത്രമേയുള്ളു, ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ട് കാണണം. അല്ലാതെ രാത്രി ഒറ്റക്ക് ഇരുന്ന് ത്രില്ലര്‍ പടം കാണുന്നത് പോലെയിരുന്ന് കണ്ടാല്‍ പാളും. ഉച്ചക്ക് ചോറ് കഴിച്ച് ഒ.ടി.ടിയില്‍ കണ്ടാല്‍ സിനിമ ഇഷ്ടമാകും. ഏഷ്യാനെറ്റ് പ്ലസിന് പകരം ഹോട്ട്‌സ്റ്റാര്‍ കാണുക എന്നതാണ് കാര്യം,’ വിപിന്‍ ദാസ് പറഞ്ഞു.
ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്‌നങ്ങളുമായിരുന്നു ഗുരുവായൂരമ്പല നടയില്‍ പറഞ്ഞത്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ നന്ദനം സിനിമയുടെ റെഫറന്‍സായി അരവിന്ദ് ആകാശും എത്തിരുന്നു. അങ്ങനെ കൊണ്ടുവരാനുണ്ടായ കാരണവും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
‘ഗുരുവായൂരെന്ന് പറയുമ്പോള്‍ നമ്മളുടെ മനസില്‍ നന്ദനം സിനിമ എന്തായാലും ഓര്‍മ വരുമല്ലോ. രാജു അല്ലായിരുന്നു ഈ സിനിമയില്‍ ഹീറോയെങ്കില്‍ നന്ദനം റെഫന്‍സ് ഇത്ര എഫക്ട് ആവില്ലായിരുന്നു. രാജു ഉള്ളത് കൊണ്ടാണ് അതിന് ഇത്രയും ഇമ്പാക്ട് കിട്ടിയത്. പിന്നെ അത് ഗ്രാജുവലി വന്നതാണ്. അല്ലാതെ നന്ദനം മാത്രം ഫോക്കസ് ചെയ്തതായിരുന്നില്ല ക്ലൈമാക്സിലേക്ക് പോയത്.
ബാലാമണിയെ കാണിക്കാന്‍ തോന്നിയിരുന്നില്ലേയെന്ന് ചോദിച്ചാല്‍ അങ്ങനെയൊന്ന് തോന്നിയിരുന്നില്ല. കാരണം അരവിന്ദിനെ കൊണ്ടുവരാമെന്ന് പോലും അവസാന നിമിഷമാണ് തോന്നുന്നത്. ഷൂട്ടിന്റെ ഇടയില്‍ പെട്ടെന്ന് അരവിന്ദിനെ കൊണ്ട് വന്നാലോയെന്ന് തോന്നുകയായിരുന്നു. അങ്ങനെ വിളിച്ചപ്പോള്‍ പെട്ടെന്ന് വന്നാണ് അദ്ദേഹം ആ റോള്‍ ചെയ്തത്,’ വിപിന്‍ ദാസ് പറഞ്ഞു.
Content Highlight: Vipin Das Says Everyone Have To Watch Guruvayoorambala Nadayil Movie On Lunch Time In OTT