| Sunday, 5th May 2024, 10:27 am

തിയേറ്റര്‍ കുലുങ്ങുമെന്ന് പറയുന്നതു പോലെയല്ല, പുതിയൊരു രാജുവിനെ ഈ സിനിമയില്‍ കാണാന്‍ സാധിക്കും: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫും പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിപിന്റെ മുന്‍ ചിത്രത്തെപ്പോലെ ഈ സിനിമയും കോമഡിയുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോകുന്നത്.

സിനിമയിലെ ഏറ്റവും വലിയ അട്ട്രാക്ഷന്‍ പൃഥ്വിയുടെ കോമഡിയാണെന്ന് സംവിധായകന്‍ വിപിന്‍ ദാസ് പറഞ്ഞു. പലര്‍ക്കുമുള്ള സംശയമാണ് പൃഥ്വിക്ക് കോമഡി വഴങ്ങുമോ ഇല്ലയോ എന്നുള്ളതെന്നും ഈ സിനിമ കണ്ടതിന് ശേഷം ആ സംശയം മാറുമെന്നും വിപിന്‍ പറഞ്ഞു.

ആടുജീവിതത്തില്‍ പുതിയൊരു പൃഥ്വിയെ കണ്ടതുപോലെ ഈ സിനിമയിലും പുതിയൊരു പൃഥ്വിയെ കാണാന്‍ സാധിക്കുമെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന്  നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.

‘ടീസറൊക്കെ കണ്ടിട്ട് രാജു വളരെ ലൗഡാണെന്ന് പലരും പറയുന്നുണ്ട്. സിനിമ കാണുമ്പോള്‍ അത് മാറും. ഗംഭീരമായിട്ടാണ് രാജു ഈ സിനിമയില്‍ പെര്‍ഫോം ചെയ്തിട്ടുള്ളത്. ടീസറില്‍ അരയില്‍ കൈവെച്ച് നിക്കുന്ന സീനാണ് സിനിമയുടെ ഹൈലൈറ്റായിട്ടുള്ള സീന്‍. സിനിമ കാണുമ്പോള്‍ അത് മനസിലാകും.

ജയഹേയിലെ അനിയണ്ണന്‍ എന്തു പറഞ്ഞാലും നമ്മല്‍ ചിരിക്കുന്നത് ആ ക്യാരക്ടര്‍ അങ്ങനെയായതുകൊണ്ടാണ്. ഈ സിനിമയിലെ രാജുവും അങ്ങനെയാണ്. കോമഡി ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന ടെന്‍ഷന്‍ രാജുവിനുണ്ടായിരുന്നു. എനിക്കും ചെറുതായിട്ടുണ്ടായിരുന്നു. പക്ഷേ സിനിമയുടെ ഫൈനല്‍ ഡ്രാഫ്റ്റ് കണ്ട പലരും ഏറ്റവും അത്ഭുതപ്പെട്ടത് രാജുവിന്റെ കോമഡി ആര്‍ക് കണ്ടിട്ടാണ്.

പുതിയൊരു രാജുവിനെ ഈ സിനിമയില്‍ കാണാന്‍ സാധിക്കും. ആടുജീവിതത്തില്‍ നമ്മള്‍ അങ്ങനെ കണ്ടതാണ്. ഈ സിനിമയിലും രാജുവിനെ പുതിയൊരു ഡൈമെന്‍ഷനില്‍ നമുക്ക് കാണാന്‍ പറ്റും. തിയേറ്റര്‍ കുലുങ്ങുമെന്ന് പറയുന്നതുപോലെയല്ല, സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കുമത് മനസിലാകും,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das saying that Prithviraj’s comedy is the main attraction in Guruvayoor Ambalanadayil

We use cookies to give you the best possible experience. Learn more