| Wednesday, 3rd July 2024, 8:40 pm

ഗുരുവായൂരമ്പല നടയില്‍ ഒ.ടി.ടി.യില്‍ കാണുന്നവരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ഗുരുവായൂപമ്പല നടയില്‍. മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഈ വര്‍ഷം 50 കോടി ക്ലബ്ബില്‍ കയറിയ നാലമത്തെ സിനിമയായി മാറാനും ഗുരുവായൂരമ്പല നടയിലിന് സാധിച്ചു.

ബോക്‌സ് ഓഫീസില്‍ 90 കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം സിനിമക്ക് നേരെ ചിലര്‍ വിമര്‍ശനമുമായി മുന്നോട്ടു വന്നിരുന്നു. ക്ലൈമാക്‌സിലെ സീനുകളില്‍ ഒട്ടുമുക്കാല്‍ കോമഡികളും വര്‍ക്കായില്ല എന്നായിരുന്നു പലരും പറഞ്ഞ വിമര്‍ശനം. അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്.

ചിത്രത്തിന്റെ പ്രൈവറ്റ് സ്‌ക്രീനിങ് കഴിഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ഒ.ടി.ടിയില്‍ വര്‍ക്കാകില്ലെന്ന് പലര്‍ക്കും മനസിലായെന്നും അതുകൊണ്ടാണ് പ്രൊമോഷനിലെല്ലാം തിയേറ്ററില്‍ നിന്ന് കാണേണ്ട സിനിമയാണെന്ന് പറഞ്ഞതെന്നും വിപിന്‍ ദാസ് പറഞ്ഞു. ഒ.ടി.ടിയില്‍ കാണുന്നുണ്ടെങ്കില്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണണമെന്നും ത്രില്ലര്‍ സിനിമ കാണാനിരിക്കുന്നത് പോലെ രാത്രി കിടക്കാന്‍ നേരം കണ്ടാല്‍ ഇഷ്ടമാകില്ലെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

‘ഒ.ടി.ടിയിലിറങ്ങുമ്പോള്‍ സിനിമക്ക് അത്ര നല്ല സ്വീകരണം കിട്ടാന്‍ ചാന്‍സില്ലെന്ന് പ്രൈവറ്റ് സ്‌ക്രീനിങ് കഴിഞ്ഞപ്പോള്‍ തന്നെ ഏറെക്കുറെ മനസിലായിരുന്നു. തിയേറ്റര്‍ റിലീസിന് മുന്നേ ഇതൊരു പോപ്‌കോണ്‍ എന്റര്‍ടൈനറാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. തിയേറ്ററില്‍ ഇതിലെ ഒരുവിധം കോമഡികളെല്ലാം വര്‍ക്കാകുമെന്ന് കുറെയൊക്കെ ഉറപ്പായിരുന്നു.

ഇനി ഒ.ടി.ടിയിലറങ്ങുമ്പോള്‍ കാണാന്‍ കാത്തിരിക്കുന്നവരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. ഉച്ചക്ക് ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സിനിമ കാണാന്‍ ശ്രമിക്കുക, അപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. അല്ലാതെ രാത്രി ഒറ്റക്കിരുന്ന് ത്രില്ലര്‍ സിനിമ കാണുന്ന മൂഡ് പോലെ സെറ്റാക്കി ഇരുന്നാല്‍ പടം കണ്ട് നിരാശപ്പെടേണ്ടി വരും,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das saying that he were aware about the criticism on Guruvayoor Ambalanadayil movie before its OTT release

We use cookies to give you the best possible experience. Learn more