കുറ്റം പറയാന്‍ ഒരാള്‍ പുറകില്‍ ഉണ്ടെന്നുള്ള പേടി സിനിമാക്കാര്‍ക്ക് വേണം എന്നാണ് എന്റെ അഭിപ്രായം: വിപിന്‍ ദാസ്
Entertainment
കുറ്റം പറയാന്‍ ഒരാള്‍ പുറകില്‍ ഉണ്ടെന്നുള്ള പേടി സിനിമാക്കാര്‍ക്ക് വേണം എന്നാണ് എന്റെ അഭിപ്രായം: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 6:10 pm

സിനിമാ റിവ്യൂ തന്നെ നല്ല രീതിയില്‍ ബാധിക്കുന്ന കാര്യമാണെന്ന് സംവിധായകന്‍ വിപിന്‍ ദാസ്. പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്. പ്രേക്ഷകരെ ഒരിക്കലും താന്‍ വില കുറച്ച് കാണാറില്ലെന്നും, തന്നെക്കാള്‍ കൂടുതല്‍ സിനിമ കാണുന്നവരാണ് പ്രേക്ഷകരെന്നും വിപിന്‍ പറഞ്ഞു. റിവ്യൂ പറയുന്നവര്‍ ഒരു കൂട്ടം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ആളുകളാണെന്നുള്ള ബോധ്യം തനിക്കുണ്ടെന്നും വിപിന്‍ പറഞ്ഞു.

ഷൂട്ടിന്റെ സമയത്ത് ബേസില്‍ ഒരു പൊടിക്ക് ഓവറാകുമ്പോള്‍ താന്‍ അശ്വന്ത് കോക്കിന്റെ ശബ്ദത്തില്‍ ബേസിലിന് വയ്യ എന്ന് പറയാറുണ്ടെന്നും, അത് കേട്ട് ബേസില്‍ ശരിയാക്കുമെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. റിവ്യൂ ചെയ്യുന്നവരെ തനിക്ക് പേടിയുള്ളതുകൊണ്ട് കുറച്ചുകൂടെ നന്നായി വര്‍ക്ക് ചെയ്യാറുണ്ടെന്നും വിപിന്‍ പറഞ്ഞു. ഈ പേടി എല്ലാ സിനിമാക്കാര്‍ക്കും ഉണ്ടാകേണ്ടത് നല്ലതാണെന്നും വിപിന്‍ പറഞ്ഞു.

‘സിനിമ നല്ലതായാലും മോശമായാലും എല്ലാ റിവ്യൂവും ഞാന് വായിക്കാറുണ്ട്. എങ്കില്‍ മാത്രമേ ഓഡിയന്‍സിന്റെ പള്‍സ് നമുക്ക് മനസിലാക്കാന്‍ പറ്റുള്ളൂ. പ്രേക്ഷകരെ ഒരിക്കലും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാത്ത ആളാണ് ഞാന്‍. കാരണം, എന്നെക്കാള്‍ കൂടുതല്‍ സിനിമ കാണുന്നവരാണ് അവര്‍. എന്നെക്കാള്‍ കൂടുതല്‍ വിവരമുള്ളവരാണ് അവരെന്ന് എനിക്ക് ബോധ്യമുണ്ട്.

റിവ്യൂ പറയുന്നവര്‍ ഒരു കളക്ടീവ് ആള്‍ക്കാരുടെ പ്രതിനിധിയാണ്. അവര്‍ സിനിമ കൊള്ളില്ലെന്ന് പറഞ്ഞാല്‍ അത് ശരി വെക്കുന്ന ആളുകളുണ്ടാകും. സിനിമയുടെ കളക്ഷനെ അത് ബാധിക്കും. പക്ഷേ റിവ്യൂ ചെയ്യാന്‍ പാടില്ല എന്ന് പറയാനുള്ള അധികാരം ആര്‍ക്കുമില്ല. മോശം സിനിമ ചെയ്താല്‍ മോശം അഭിപ്രായം കേള്‍ക്കേണ്ടി വരുമെന്നുള്ള പേടി എനിക്കുണ്ട്. ഈ പേടി എന്നെപ്പോലെ ബാക്കി സിനിമാക്കാര്‍ക്കും ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം.

ഷോട്ട് എടുക്കുന്ന സമയത്ത് ബേസിലെങ്ങാനും ഒരു പൊടിക്ക് ഓവറായാല്‍ ഞാന്‍ കോക്കിന്റെ ശബ്ദത്തില്‍ ‘ബേസിലിന് തീരെ വയ്യ’ എന്നൊക്കെയാണ് പറയാറ്. അത് കേള്‍ക്കുമ്പോള്‍ അവന്‍ ശരിയാക്കും. ഇത് വേണം എന്നാണ് എന്റെ അഭിപ്രായം .ഒരാള്‍ നമ്മുടെ പുറകില്‍ നിന്ന് കുറ്റം പറയാന്‍ ഉണ്ടെന്നുള്ള പേടി ഉണ്ടെങ്കില്‍ നമ്മള്‍ നന്നായി ചെയ്യാനേ ശ്രമിക്കൂ. ഈ പേടി സിനിമാക്കാര്‍ക്ക് വേണം,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das saying that he scared of reviewers