| Thursday, 9th May 2024, 11:38 am

എന്നെ എയറില്‍ കേറ്റാന്‍ ബേസില്‍ മനഃപൂര്‍വം പറഞ്ഞതാണ് അത്, ആ സിനിമകളെപ്പോലെയല്ല ഗുരുവായൂരമ്പല നടയില്‍: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗുരുവായൂരമ്പലനടയില്‍ ഒരു സാധാരണ കോമഡി സിനിമയാണെന്ന് സംവിധായകന്‍ വിപിന്‍ ദാസ്. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്. മുമ്പ് ഒരു അഭിമുഖത്തില്‍ തെങ്കാശിപ്പട്ടണം, ഗോഡ്ഫാദര്‍ പോലെയുള്ള സിനിമയാണ് ഇതെന്ന് ബേസില്‍ പറഞ്ഞതിന് മറുപടിയായാണ് വിപിന്‍ ഇത് പറഞ്ഞത്. തന്നെ എയറില്‍ കേറ്റാന്‍ വേണ്ടി ബേസില്‍ മനഃപൂര്‍വം പറഞ്ഞതാണ് ഇതെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞുമ്മല്‍ ബോയ്‌സ് പോലെയുള്ള സര്‍വൈവല്‍ ത്രില്ലറുകള്‍ കണ്ടിട്ട് വലിയ ബ്രില്യന്‍സുള്ള സിനിമയായിരിക്കും ഇത് എന്ന് വിചാരിച്ച് ആദ്യ ദിവസം സിനിമ കാണാന്‍ വരുന്ന ബുദ്ധിജീവികളെയാണ് തനിക്ക് ഏറ്റവും പേടിയെന്നും വിപിന്‍ പറഞ്ഞു. സാധാരണ പോപ്‌കോണ്‍ എന്റര്‍ടൈനര്‍ എന്ന നിലയില്‍ ഈ സിനിമയെ സമീപിച്ചാല്‍ മതിയെന്നും സംവിധായകന്‍ പറഞ്ഞു.

‘ഈ സിനിമ തെങ്കാശിപ്പട്ടണവും, ഗോഡ് ഫാദറുമൊക്കെ പോലെയുള്ള സിനിമയാണെന്ന് ബേസില്‍ പറഞ്ഞെന്ന് ഞാന്‍ അറിഞ്ഞു. എന്നെ എയറില്‍ കേറ്റാന്‍ വേണ്ടി അവന്‍ മനഃപൂര്‍വം പറഞ്ഞതാ അത്. തെങ്കാശിപ്പട്ടണവും, ഗോഡ് ഫാദറുമൊക്കെ വളരെ ഡെപ്തുള്ള പടങ്ങളാ. അതുപോലെ ഒന്നുമല്ല ഗുരുവായൂരമ്പല നടയില്‍. ഒരു സാധാരണ കോമഡി പടം, അത്രയേ ഉള്ളൂ. അതിന്റെ അപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിക്കരുത്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് പത്ത് ദിവസം നടക്കുന്ന കഥ, അതാണ് ഈ സിനിമ.

മഞ്ഞുമ്മല്‍ ബോയ്‌സും, ഭ്രമയുഗവും ആവേശവും ഒക്കെ കണ്ട് ആ ഒരു മൈന്‍ഡ് സെറ്റ് വെച്ച് പലരും വരും. മഞ്ഞുമ്മല്‍ ബോയ്‌സ് ഒക്കെ സര്‍വൈവല്‍ ത്രില്ലറാണ്. അതുപോലെ ബ്രില്ല്യന്‍സ് ഒക്കെ തപ്പാന്‍ വേണ്ടി ആദ്യദിവസം തന്നെ പടം കാണാന്‍ വരുന്ന ബുദ്ധിജീവി ടൈപ്പ് ഓഡിയന്‍സിനെയാണ് എനിക്ക് പേടി. ഇത് ഒരു സാധാരണ പോപ്‌കോണ്‍ എന്റര്‍ടൈനറാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല,’ വിപിന്‍ പറഞ്ഞു.

Content Highlight: Vipin Das replied to Basil Joseph’s statement about Guruvayoor Ambalanadayil movie

We use cookies to give you the best possible experience. Learn more