| Saturday, 25th March 2023, 11:08 pm

ജയ ഹേ കോപ്പിയടിയല്ല, സാമ്യങ്ങള്‍ ഉണ്ടായതിന് കാരണമിത്; തെളിവുകള്‍ നിരത്തി വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുങ് ഫു സോഹ്‌റ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയാണ് ജയ ജയ ജയ ജയ ഹേ എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിപിന്‍ ദാസ്. കുങ് ഫു സോഹ്‌റ റിലീസ് ചെയ്യുന്നതിനും ഒരു വര്‍ഷം മുമ്പ് തന്നെ ജയ ഹേയുടെ കഥ താന്‍ പൂര്‍ത്തീകരിച്ചതാണെന്നും ആറ് മാസം മുന്‍പ് ഇറങ്ങിയ സിനിമയില്‍ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാന്‍ എളുപ്പല്ലെന്ന് വിവേകമുള്ളവര്‍ക്ക് മനസിലാകുമെന്നും വിപിന്‍ പറഞ്ഞു. രംഗങ്ങളിലെ സാമ്യത ഞെട്ടലോടെയാണ് താന്‍ കണ്ടതെന്നും പഴയ ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടര്‍ന്നത് കൊണ്ടാകാം ഇത് സംഭവിച്ചതെന്നും വിപിന്‍ ദാസ് പറഞ്ഞു.

ഇനി ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിപിന്‍ ദാസ് പറഞ്ഞു.

വിപിന്‍ ദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, എന്റെ സിനിമ ജയ ജയ ജയ ജയഹേ അതിനും ആറ് മാസം മുന്‍പേ ഇറങ്ങിയ മറ്റൊരു ഫ്രഞ്ച് മൂവിയില്‍ നിന്ന് കോപ്പി അടിച്ചതാണെന്നുള്ള രീതിയില്‍ പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നത് വിഷമത്തോടെയേ കാണാന്‍ കഴിയുന്നുള്ളു. ഞാനും ശരിക്കും ഞെട്ടലോടെ തന്നെയാണ് ആ സീനുകള്‍ കണ്ടത്. ഒരേ പോലെ ഉള്ള ഷോട്ടുകള്‍ അടുപ്പിച്ചു കാണിക്കുമ്പോള്‍ ഒരുപാട് സമാനതകള്‍ കാണാന്‍ പറ്റി.

എന്നാല്‍ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വര്‍ക്കുകള്‍ നടക്കുന്ന സമയത്തതൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ നിന്നും ഒരു സീന്‍ പോലും പകര്‍ത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങള്‍ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷെ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവര്‍ക്കും അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഉണ്ടായ വിഷമങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് ഈ തെളിവുകള്‍ ഞാന്‍ നിരത്തുന്നത്.

ആറ് മാസം മുന്‍പ് ഇറങ്ങിയ സിനിമയില്‍ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാന്‍ സിനിമയില്‍ എളുപ്പത്തില്‍ സാധ്യമല്ലെന്നു വിവേകമുള്ളവര്‍ക്ക് മനസിലാകുമെന്ന് വിചാരിക്കുന്നു. മേല്‍ പറയുന്ന ചിത്രം റിലീസ് ആയത് 9 മാര്‍ച്ച് 2022നാണ്. ഗൂഗിളില്‍ റിലീസ് തീയതി കിടക്കുന്നത് 22 ഒക്ടോബര്‍ 2021 എന്നാണ്. പക്ഷെ റിലീസ് തീയതി മാറുകയും പിന്നീട് മുകളില്‍ പറഞ്ഞ 9 മാര്‍ച്ച് 2022ന് റീലീസാകുകയുമാണ് ചെയ്തത്.

ജയ ഹേ 2022 ജനുവരി 26നാണ് അനൗണ്‍സ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്‌ക്രിപ്റ്റ് അതിനും ഒരു വര്‍ഷം മുന്‍പ് 2020 ഡിസംബറില്‍ തന്നെ ലോക്ക് ചെയ്തിരുന്നു. അതിന്റെ തെളിവായി ഞാന്‍ മെയില്‍ ചെയ്തിരുന്ന പി.ഡി.എഫില്‍ നായികാ കഥാപാത്രം അടിക്കുന്നതും ബ്ലോക്ക് ചെയ്യുന്നതും, ചവിട്ടി തെറിപ്പിക്കുന്നതും, ഫിഷ് ടാങ്കില്‍ വിഴുന്നതും, റീവൈന്‍ഡ് ചെയ്യുമ്പോള്‍ മൊബൈലില്‍ ഫൈറ്റ് കണ്ടു പഠിക്കുന്നതും, പിന്നെ ഇവര്‍ തമ്മിലുള്ള സംഘടനവും എല്ലാം വളരെ വ്യക്തമായി ആ ഡ്രാഫ്റ്റില്‍ എഴുതിട്ടുണ്ട്. അപ്പോള്‍ അതിനൊക്കെ എത്രയോ മുന്നേ ആയിരിക്കും ഞങ്ങളത് എഴുതി തുടങ്ങിയിരിക്കുന്നത് എന്ന് ഊഹിക്കാമല്ലോ.

ജയ ഹേ തിരക്കഥ രചന 2020ല്‍ അന്താക്ഷരി പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ എഴുതി തുടങ്ങിയതാണ്. 29 ഡിസംബര്‍ 2020ല്‍ സ്‌ക്രിപ്റ്റ് തീര്‍ത്ത് മെയില്‍ ചെയ്തതിന്റെ തെളിവും താഴെ കൊടുത്തിട്ടുണ്ട്. 2021 ജനുവരി മുതല്‍ പല പ്രൊഡ്യൂസേഴ്‌സിനെയും, അഭിനേതാക്കളെയും സമീപിക്കുകയും ഒടുവില്‍ ഡിസംബര്‍ മാസത്തില്‍ ബേസില്‍ ജോസഫ്, ചിയേഴ്‌സ് മീഡിയ, ദര്‍ശന എന്നിവര്‍ സിനിമയിലേക്ക് വരുകയുംചെയ്തു.
മേല്‍ പറഞ്ഞ ഫ്രഞ്ച് ചിത്രം മാര്‍ച്ച് 9ന് റിലീസ് ആയെങ്കിലും അത് ഫ്രഞ്ച് ഭാഷയിലും ആ രാജ്യത്തും മാത്രമാണ് റിലീസായത്. വരും മാസങ്ങളില്‍ ആയിരുന്നു ബാക്കി രാജ്യങ്ങളിലേക്കുള്ള റിലീസ്.

മെയ് 12നു ഷൂട്ടിങ് ആരംഭിച്ച ജയ ജയ ജയ ജയഹേ ജൂണ്‍ പകുതി ആയപ്പോള്‍ തന്നെ തീര്‍ന്നിരുന്നു. ഗൂഗിളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, ഇന്ത്യയില്‍ റിലീസ് ചെയ്യാത്ത മേല്‍ പറഞ്ഞ ഫ്രഞ്ച് ചിത്രം ഓഗസ്റ്റ് 2022 ആണ് പുറം രാജ്യങ്ങളില്‍ അതിന്റെ ഒ.ടി.ടി റിലീസ്. തുടര്‍ന്ന് അതിന്റെ പൈറേറ്റഡ് ടോറന്റ്, ടെലിഗ്രാം ഫയലുകളും അതേ മാസത്തില്‍ തന്നേയാണ് ഇന്റര്‍നെറ്റില്‍ വന്നത്. ജൂണ്‍ ഷൂട്ട് കഴിഞ്ഞ നമ്മുടെ സിനിമ ഒക്ടോബറില്‍ റിലീസും ചെയ്തു.

എന്റെ നിഗമനത്തില്‍ സംഘട്ടന രംഗങ്ങളിലെ സാമ്യത രണ്ടു സംവിധായകരും പഴയ ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടര്‍ന്നത് കൊണ്ടാകാം. ചൈനീസ് ആക്ഷന്‍ സിനിമകളിലെ ലെന്‍സിങ്ങും, ക്യാമറ മൂവ്‌മെന്റും, എഡിറ്റിങ്ങില്‍ ചൈനീസ് കട്ടും ഉപയോഗിച്ചിട്ടുണ്ട്.

മേല്‍പറഞ്ഞ ഫ്രഞ്ച് സിനിമ ഇതുവരെ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഇനി ഇതിന്റെ ട്രെയ്‌ലെര്‍ കണ്ട് കോപ്പി അടിച്ചു എന്ന് വിചാരിച്ചാല്‍ പോലും ഫ്രഞ്ച് സിനിമയുടെ ട്രെയ്‌ലെര്‍ ഇറങ്ങുന്നത് 2022 ജനുവരി 13ല്‍ ആണ്. അതിനും ഒരു വര്‍ഷം മുന്‍പ് ലോക്ക് ചെയ്ത സ്‌ക്രിപ്റ്റ് ഞാന്‍ തെളിവായി പോസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല 2021 മാര്‍ച്ചില്‍ ആണ് ഞാന്‍ സ്റ്റണ്ട് ഡയറക്ടര്‍ ഫെലിക്‌സിനെ കോണ്‍ടാക്ട് ചെയുന്നത്. ഏപ്രിലില്‍ അദ്ദേഹം കേരളത്തില്‍ എത്തുകയും കൊച്ചിയിലെ ചില വീടുകള്‍ സന്ദര്‍ശിച്ചു സംഘട്ടനത്തിനു ആവശ്യമായ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ആ സംഘട്ടനം നിങ്ങള്‍ സിനിമയില്‍ കണ്ട രീതിയില്‍ വേണമെന്ന് ആദ്യ എഴുത്തില്‍ തീരുമാനിച്ചിരുന്നു. അഭിനേതാക്കളും നിര്‍മാതാക്കളും എത്തും മുന്‍പേ ഞാന്‍ തീരുമാനിച്ചത് സ്റ്റണ്ട് ഡയറക്ടറെ ആണെന്നത് ഇതിന്റെ തെളിവായി കാണാം.

എന്തെങ്കിലും തരത്തിലുള്ള ഇന്‍സ്പിരേഷന്‍ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ മുന്‍കൂറായി റയുമായിരുന്നു. രാജേഷ് കാര്‍ വീട്ടില്‍ കയറ്റി ഇടുന്ന സീന്‍ റോമാ എന്ന സിനിമയിലെ ഒരു സീനുമായി സാമ്യം ഉണ്ടായതായി തോന്നിയപ്പോള്‍ ഞാന്‍ അത് എന്റെ സിനിമയില്‍ ഉള്‍ക്കൊള്ളിക്കുകയും അത് ഇന്‍സ്പിരേഷന്‍ ആയി ചെയ്തിട്ടുണ്ടെന്ന് ഇന്റര്‍വ്യൂവില്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

അത് കൊണ്ട് തന്നെ ഒരുതരത്തിലുള്ള കോപ്പിയോ ഇന്‍സ്പിറേഷനോ മേല്പറഞ്ഞ ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് എടുത്തിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകും. ഇനിയും ഈ രീതിയിലുള്ള ദുഷ് പ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായി നേരിടാന്‍ ജയ ഹേ ടീം തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ അനാവശ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കാനും സത്യം ജനങ്ങള്‍ മനസിലാക്കാനും ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. സിനിമ സ്വീകരിച്ചവര്‍ക്കും കൂടെ കട്ടക്ക് നില്‍ക്കുന്നവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Content Highlight: Vipin Das has responded to allegations that Jay Jay Jay Jay Hey is a copy of a French film 

We use cookies to give you the best possible experience. Learn more