എന്റെ സിനിമകളില്‍ സംവിധായകരെ കാസ്റ്റ് ചെയ്യുന്നത് കൊണ്ട് ഒരു ഗുണമുണ്ട്: വിപിന്‍ ദാസ്
Entertainment
എന്റെ സിനിമകളില്‍ സംവിധായകരെ കാസ്റ്റ് ചെയ്യുന്നത് കൊണ്ട് ഒരു ഗുണമുണ്ട്: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th June 2024, 10:30 pm

മുദ്ദുഗൗ എന്ന സിനിമയിലൂടെ സിനിമാകരിയര്‍ ആരംഭിച്ചയാളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ ആന്താക്ഷരി ഒ.ടി.ടി റിലീസില്‍ ചര്‍ച്ചചെയ്യപ്പെട്ടു. പിന്നീട് ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകള്‍ ചെയ്ത വിപിന്‍ ദാസ് തന്റെ സിനിമകളില്‍ സംവിധായകരെ കാസ്റ്റ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി.

വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്. ആദ്യ സിനിമയായ മുദ്ദുഗൗവില്‍ അവസാനമായപ്പോഴേക്കും താന്‍ തളര്‍ന്നുപോയെന്നും ആ സമയത്ത് സൗബിന്‍ തന്നെ സഹായിച്ചെന്നും വിപിന്‍ പറഞ്ഞു. അന്താക്ഷരിയില്‍ നിര്‍മാതാവിന്റെ റോളില്‍ ജീത്തു ജോസഫ് ഉണ്ടായത് തനിക്ക് ധൈര്യം തന്നെന്നും വിപിന്‍ വ്യക്തമാക്കി.

ജയ ജയ ജയ ജയ ഹേയില്‍ ബേസിലിനെക്കൊണ്ടു വന്നതും തന്റെ സഹായത്തിനാണെന്നും വിപിന്‍ പറഞ്ഞു. ഗുരുവായൂരമ്പല നടയിലിലേക്ക് എത്തിയപ്പോള്‍ പൃഥ്വിയും ബേസിലും ഉണ്ടായതും തനിക്ക് സഹായമായെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.

‘മുദ്ദുഗൗവിന്റെ സമയത്ത് എനിക്ക് വേണ്ടത്ര അസിസ്റ്റന്റൊന്നും ഉണ്ടായിരുന്നില്ല. ആദ്യമൊന്നും അത് വലിയ പ്രശ്‌നമായി തോന്നിയില്ല. അവസാനമായപ്പോഴേക്ക് ഞാന്‍ തളര്‍ന്നുപോയി. എന്റ അവസ്ഥ കണ്ട് സൗബിന്‍ എനിക്ക് സഹായമായി നിന്നു. ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റായതിന്റെ പരിചയം അവന്‍ ആ സിനിമയില്‍ ഉപയോഗിച്ചു.

അന്താക്ഷരിയില്‍ എനിക്ക് ഇതുപോലെ പ്രശ്‌നം വന്നപ്പോള്‍ അത് കണ്ടറിഞ്ഞ് പരിഹരിക്കാന്‍ ജീത്തു ചേട്ടനുണ്ടായിരുന്നു. പുള്ളിയായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. ജയ ഹേയില്‍ ഞാന്‍ ബേസിലിനെ കൊണ്ട് വന്നതും അതേ ആവശ്യത്തിനായിരുന്നു. പിന്നീട് ഗുരുവായൂരമ്പല നടയിലേക്ക് എത്തിയപ്പോള്‍ പൃഥ്വിയും, ബേസിലുമുണ്ട്.

എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മിസ്റ്റേക്ക് വന്നാല്‍ അത് അവര്‍ ചൂണ്ടിക്കാണിക്കുമെന്ന് ഉറപ്പായിരുന്നു.ഇനി അടുത്ത് ചെയ്യാന്‍ പോകുന്ന പടത്തില്‍ എസ്.ജെ സൂര്യയുമുണ്ട്. പുള്ളിയും ഡയറക്ഷനില്‍ പുലിയാണ്. ഇങ്ങനെ എല്ലാ സിനിമയിലും ഡയറക്ഷന്‍ അറിയാവുന്ന ഒരാളെ കാസ്റ്റ് ചെയ്യുമ്പോള്‍ അത് നമുക്ക് കൂടെ ഗുണം ചെയ്യുന്നതുകൊണ്ടാണ് ഇത് എല്ലാ സിനിമയിലും തുടരുന്നത്,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das explains why he casting directors in his films