| Friday, 23rd August 2024, 10:14 pm

ഇനി ഞാന്‍ നിര്‍മിക്കുന്നത് അത്തരം സംവിധായകരുടെ സിനിമകളായിരിക്കും: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായെത്തിയപ്പോള്‍ മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ വന്‍ വിജയമായി. തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴയുടെ രചനയും വിപിന്‍ ദാസ് തന്നെയാണ്.

2020ല്‍ റിലീസായ ഗൗതമന്റ രഥം എന്ന സിനിമക്ക് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വാഴ. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളാണ് വിപിന്‍ ദാസ്. താന്‍ ഇനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമകള്‍ ഒരിക്കലും വലിയ സംവിധായകരുടെ സിനിമയാകില്ലെന്ന് പറയുകയാണ് വിപിന്‍ ദാസ്. വാഴ നിര്‍മിക്കാന്‍ താന്‍ തീരുമാനിച്ചതും ഇക്കാരണം കൊണ്ടാണെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

ആദ്യസിനിമ വലിയ രീതിയില്‍ വര്‍ക്കാകാത്ത സംവിധായകരെ താന്‍ വിളിക്കാറുണ്ടെന്നും നല്ല കഥകള്‍ ഇനിയും കൈയിലുണ്ടെങ്കില്‍ അത് താന്‍ നിര്‍മിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിപിന്‍ ദാസ് പറഞ്ഞു. അത്തരത്തില്‍ നാല് കഥകള്‍ തയാറായിട്ടുണ്ടെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ദാസ് ഇക്കാര്യം പറഞ്ഞത്.

‘ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമകള്‍ പരാജയപ്പെട്ട നാലഞ്ച് സംവിധായകരെ ഞാന്‍ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. അവര്‍ അങ്ങനെ വീട്ടില്‍ വെറുതേ ഇരിക്കേണ്ടവരല്ലെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാന്‍ അവരെ നോട്ട് ചെയ്തത്. അവരെ അങ്ങോട്ട് വിളിച്ച് കൈയില്‍ നല്ല കഥകള്‍ ഉണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്.

നല്ല ടാലന്റുള്ളവരാണെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് അങ്ങനെയൊരു ഇനിഷ്യേറ്റീവെടുത്തത്. നിങ്ങളുടെ കൈയില്‍ കഥകളുണ്ടെങ്കില്‍ പറയൂ, ഞാന്‍ അത് പ്രൊഡ്യൂസ് ചെയ്യാമെന്ന് അവരോട് പറഞ്ഞു. ഇനി അങ്ങോട്ട് ഞാന്‍ നിര്‍മിക്കുന്നതും അത്തരം സംവിധായകരുടെ സിനിമകളായിരിക്കും. അതാണ് എന്റെ തീരുമാനം,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das about upcoming movies he want to produce

We use cookies to give you the best possible experience. Learn more