റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തത് വിപിന്‍ ദാസാണ്. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 70 കോടിയിലധികം കളക്ട് ചെയ്തുകഴിഞ്ഞു.
ചിത്രത്തില്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച സീനുകളിലൊന്നായിരുന്നു പൃഥ്വിയും ബേസിലും ആദ്യമായി കാണുന്ന സീന്‍. ഇതുവരെ കാണാത്ത തരത്തിലായിരുന്നു ഈ സീനില്‍ പൃഥ്വിയെ വിപിന്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ സീനിന് മുമ്പോ ശേഷമോ എന്താണ് ചെയ്യേണ്ടതെന്ന് പൃഥ്വിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്ന് വിപിന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഇതിന് മുമ്പ് പൃഥ്വിയുടെ അടുത്ത് നിന്ന് ഇങ്ങനെയൊരു ചിരി കിട്ടിയിട്ടില്ല എന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞത്. സാധാരണ ഒരു സീന്‍ ചെയ്യുന്നതിന് മുമ്പ് അതിന് മുന്നും ശേഷവും എന്താണ് സീനെന്ന് പലര്‍ക്കും അറിയുന്ന കാര്യമായിരിക്കും എന്നാല്‍ ആ സീനില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ മുമ്പ് എന്താണെന്നോ അതിന് ശേഷം എന്താണെന്നോ ഒരു ഐഡിയയും പൃഥ്വിക്ക് ഇല്ലായിരുന്നു.
ടീസര്‍ ഇറങ്ങിയപ്പോള്‍ ആ ഷോട്ട് കണ്ടിട്ട് പലരും അതിനെ ട്രോളിയിരുന്നു. ആ സമയത്ത് എല്ലാ ഇന്റര്‍വ്യൂവിലും ഞാന്‍ പറഞ്ഞത്, സിനിമയിലെ തന്നെ ഏറ്റവും കിടിലന്‍ സീന്‍ അതായിരിക്കും എന്നായിരുന്നു. റിലീസിന് ശേഷം ആ ഒരു സീനിന് ഗംഭീര റെസ്‌പോണ്‍സ് തന്നെ കിട്ടി. അതില്‍ വളരെ സന്തോഷമുണ്ട്,’ വിപിന്‍ പറഞ്ഞു.
Content Highlight: Vipin Das about the face off scene between Prithviraj and Basil Joseph in Guruvayoor Ambalanadayil