| Sunday, 12th January 2025, 2:14 pm

സൂപ്പർഹിറ്റ് ആണെങ്കിലും ഡെപ്ത്തുള്ള കഥയോ കണ്ടന്റോ ആ പൃഥ്വിരാജ് ചിത്രത്തിനില്ല: വിപിൻ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

കണ്ടന്റ് ഇല്ലാത്തതിന്റെ എല്ലാ പരിമിതികളും ആ സിനിമയിലുണ്ടെന്നും ഡെപ്ത്തുള്ള കഥയോ കഥാപാത്രമോ ഒന്നും ഗുരുവായൂരമ്പല നടയിൽ ഇല്ലെന്നും വിപിൻ ദാസ് പറയുന്നു. ചെയ്ത സിനിമകളിൽ ഏറ്റവും ബുദ്ധിമുട്ടിയ ചിത്രം അതായിരുന്നുവെന്നും വിപിൻ പറഞ്ഞു. ജയ ജയ ജയ ജയഹേയായിട്ട് ഈ സിനിമയെ കംപയര്‍ ചെയ്യരുതെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു.

‘ ചെയ്ത സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സിനിമ ഗുരുവായൂരമ്പല നടയിൽ തന്നെയായിരുന്നു. കണ്ടന്റ് ഇല്ലാത്തതിന്റെ എല്ലാ പരിമിതികളും ആ സിനിമയിലുണ്ട്. ഡെപ്ത്തുള്ള കഥയോ കഥാപാത്രമോ ഒന്നും ഇല്ല. ആളുകളെ പിടിച്ചിരുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നു. അതിന് വേണ്ടി എന്തൊക്കെയോ നമ്മള്‍ കാണിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ വര്‍ക്കായി.

ആ കാര്യത്തില്‍ എനിക്ക് ഓഡിയന്‍സിനോട് പ്രത്യേക നന്ദി പറയാനുണ്ട്. ജയ ജയ ജയ ജയഹേയായിട്ട് കംപയര്‍ ചെയ്യരുതെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ പറഞ്ഞത് അക്ഷരംപ്രതി പാലിച്ച്, ലോജിക്കും ബുദ്ധിയും തിയേറ്ററിന് പുറത്തുവെച്ച് അകത്ത് കയറി വരണമെങ്കില്‍ അവര്‍ നല്ല ആളുകളായിരിക്കണം. അത് ആളുകള്‍ ചെയ്തിട്ടുണ്ട്.

സിനിമ കാണാന്‍ ചിലപ്പോള്‍ ചില ബാഗേജുമായി നമ്മള്‍ വരും. പൃഥ്വിരാജ്, ബേസില്‍, യോഗി ബാബു, നിഖില, അനശ്വര തുടങ്ങി ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റ് എന്നൊക്കെ പറയുമ്പോള്‍ ഉണ്ടാകുന്ന കുറേ ബാഗേജുണ്ട്. അതൊക്കെ ഒഴിവാക്കി വന്നാല്‍ നന്നാവുമെന്ന് തോന്നിയിരുന്നു. അങ്ങനെ തന്നെയാണ് എല്ലാവരും വന്നത്.

നമ്മള്‍ പ്രതീക്ഷിക്കാത്ത സീനിലൊക്കെ ആളുകള്‍ ഭയങ്കരമായി ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഡിലീറ്റ് ചെയ്യാമെന്ന് വിചാരിച്ച ചില സീനിലൊക്കെ ആളുകള്‍ ചിരിക്കുകയും ചെയ്തു. ആളുകള്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യുമെന്ന് വിചാരിച്ച ചില സീനുകള്‍ താഴെപ്പോയിട്ടുമുണ്ട്. ജഡ്ജ് ചെയ്യാന്‍ പറ്റാത്തതുകൊണ്ട് മാക്‌സിമം ഫില്‍ ചെയ്തിട്ടിരുന്നു,’വിപിൻ ദാസ് പറയുന്നു.

Content Highlight: Vipin Das About Script Of Guruvayurambala Nadayil Movie

We use cookies to give you the best possible experience. Learn more