| Wednesday, 20th November 2024, 9:03 pm

ഷോക്കായി പൃഥ്വി എന്നോട് പറഞ്ഞു, ഇത്ര വര്‍ഷത്തെ കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സീൻ അഭിനയിക്കുന്നതെന്ന്: വിപിൻ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് വിപിൻ ദാസ്. പല സീനുകളിലും പൃഥ്വിരാജ് തന്നോട് സംശയമൊന്നും ചോദിച്ചിരുന്നില്ലെന്നും എന്നാൽ ചില സംശയങ്ങൾക്ക് കൊടുത്ത മറുപടി കേട്ട് പൃഥ്വിരാജ് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും വിപിൻ ദാസ് പറയുന്നു.

‘പൃഥ്വി ഈ സിനിമയില്‍ എന്നോട് അധികം സംശയങ്ങളൊന്നും ചോദിച്ചിരുന്നില്ല. ചില സംശയങ്ങള്‍ക്ക് ഞാന്‍ കൊടുത്ത മറുപടി പൃഥ്വിക്ക് ഷോക്കായിരുന്നു. അതിലൊന്നായിരുന്നു വാഴക്ക് കുഴി എടുക്കുന്ന സീന്‍. അതിന് മുമ്പുള്ള സീനും അത് കഴിഞ്ഞിട്ടുള്ള സീനും എന്താണെന്ന് പൃഥ്വിക്ക് അറിയില്ലായിരുന്നു. ആ സീനൊന്നും നമ്മള്‍ എഴുതിയിട്ടുണ്ടായിരുന്നില്ല.

പൃഥ്വിയോട് ഇത് പറഞ്ഞപ്പോള്‍ പുള്ളി ഞെട്ടിപ്പോയി. ‘എന്റെ 25 വര്‍ഷത്തെ കരിയറില്‍ ആദ്യമായിട്ടാണ് മുന്നും പിന്നും അറിയാതെ ഒരു സീന്‍ എടുക്കുന്നത്. പുള്ളിക്ക് ഇതൊക്കെ ആദ്യത്തെ എക്‌സപീരിയന്‍സാണ്.

ഓരോ സീനും നമ്മള്‍ ഇടക്ക് ചേര്‍ത്ത് വരുമ്പോള്‍ ഒരു കംപ്ലീറ്റ് പിക്ചര്‍ നമുക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. കിട്ടുന്ന സീനുകള്‍ അപ്പോ അപ്പോ എടുത്ത് പോവുകയായിരുന്നു പതിവ്. ആദ്യം അത്ര കംഫര്‍ട്ടായിരുന്നില്ലെങ്കിലും പിന്നീട് പൃഥ്വി ഇതിനോട് പിന്നീട് സെറ്റായി,’ വിപിന്‍ ദാസ് പറഞ്ഞു.

അതേസമയം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം മാർച്ച് 27 ന് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlight: Vipin das About Prithviraj’s Performance In Guruvayurambala Nadayil

We use cookies to give you the best possible experience. Learn more