പൃഥ്വിരാജും ബേസിലും സ്ത്രീകളെപ്പറ്റി മോശമായി സംസാരിച്ചാലാണ് കുഴപ്പം: വിപിന്‍ ദാസ്
Entertainment
പൃഥ്വിരാജും ബേസിലും സ്ത്രീകളെപ്പറ്റി മോശമായി സംസാരിച്ചാലാണ് കുഴപ്പം: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th July 2024, 4:46 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസില്‍ 90 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസായിരുന്നു.

ചിത്രത്തില്‍ പൊളിറ്റിക്കലി ഇന്‍കറക്ടായിട്ടുള്ള സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശകള്‍ തന്റെ സിനിമയില്‍ മനഃപൂര്‍വം ഉള്‍പ്പെടുത്താറില്ലെന്ന് വിപിന്‍ ദാസ് പറഞ്ഞു. ജയ ജയ ജയഹേ പോലൊരു സിനിമ ചെയ്ത താന്‍ അത്തരം സീനുകള്‍ എടുക്കുന്നത് ശരിയായിട്ടുള്ള കാര്യമല്ലെന്നും വിപിന്‍ ദാസ് പറഞ്ഞു.

ഗുരുവായൂരമ്പല നടയിലില്‍ ബേസിലും പൃഥ്വിരാജും സ്ത്രീകളെപ്പറ്റി മോശമായി സംസാരിക്കുന്ന സീന്‍ ഉണ്ടായിരുന്നുവെന്നും സുപ്രിയ ആ സീന്‍ കണ്ടിട്ട് ഇത് പൊളിറ്റിക്കലി ഇന്‍കറക്ടല്ലേ എന്ന് ചോദിച്ചപ്പോള്‍ അവരുടെ കഥാപാത്രങ്ങള്‍ നെഗറ്റീവായിട്ടുള്ളവരാണെന്നും അതില്‍ കുഴപ്പമില്ലെന്നും താന്‍ പറഞ്ഞ് കണ്‍വിന്‍സ് ചെയ്‌തെന്നും വിപിന്‍ ദാസ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.

‘മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടുള്ള തമാശകള്‍ ഞാന്‍ ഒരു സിനിമയിലും മനഃപൂര്‍വം ഉള്‍പ്പെടുത്താറില്ല. കാരണം, ജയ ജയ ജയഹേ എനിക്ക് ഉണ്ടാക്കിത്തന്ന ഇമേജുണ്ട്. ആ സിനിമ ചെയ്ത ഞാന്‍ പൊളിറ്റിക്കലി ഇന്‍കറക്ടാകാന്‍ പാടില്ലല്ലോ. ഗുരുവായൂരമ്പല നടയിലില്‍ പൃഥ്വിയുടെയും ബേസിലിന്റെയും കഥാപാത്രങ്ങള്‍ വെള്ളമടിച്ചുകൊണ്ട് സ്ത്രീകളെപ്പറ്റി മോശമായി സംസാരിക്കുന്ന സീനുണ്ട്. അത് കണ്ട് സുപ്രിയ ചോദിച്ചത്, ‘ഇത് ശരിയാണോ, ഇങ്ങനെയൊക്കെ സംസാരിക്കാമോ’ എന്നായിരുന്നു.

ആനന്ദനും വിനുവും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ്. അവര്‍ക്ക് ഇങ്ങനെ സംസാരിക്കാം. പക്ഷേ പൃഥ്വിയും ബേസിലും സ്ത്രീകളെപ്പറ്റി സംസാരിച്ചാലാണ് കുഴപ്പം. ജോമോന്റെ ക്യാരക്ടറിന്റെ ഡയലോഗും പൊളിറ്റിക്കലി ഇന്‍കറക്ടാണ്. പക്ഷേ അയാളെ സൈക്കോ ആയിട്ടാണ് അവതരിപ്പിച്ചത്. അയാള്‍ക്കും അത്തരത്തില്‍ സംസാരിക്കാം. അതില്‍ പ്രശ്‌നമില്ല,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das about Politically incorrect scenes in Guruvayoorambala Nadayil movie