ഈ കഥക്ക് എസ്.ജെ. സൂര്യ ഓക്കെ പറയാന്‍ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ: വിപിന്‍ ദാസ്
Entertainment
ഈ കഥക്ക് എസ്.ജെ. സൂര്യ ഓക്കെ പറയാന്‍ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 8:11 am

മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായെത്തിയപ്പോള്‍ മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ വന്‍ വിജയമായി. തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴയുടെ രചനയും വിപിന്‍ ദാസ് തന്നെയാണ്.

തമിഴിലെ മികച്ച നടനും സംവിധായകനുമായ എസ്.ജെ സൂര്യയെയും ഫഹദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗ്യാങ്സ്റ്റര്‍ ചിത്രം ഒരുക്കുകയാണ് വിപിന്‍ ദാസ്. ചിത്രത്തിലേക്ക് എസ്.ജെ. സൂര്യ വരാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്. എസ്.ജെ സൂര്യയോട് ആദ്യം പറഞ്ഞത് മറ്റൊരു കഥയായിരുന്നെന്നും എന്നാല്‍ അത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ താന്‍ ഉദ്ദേശിച്ച രീതിയില്‍ വന്നില്ലെന്ന് വിപിന്‍ ദാസ് പറഞ്ഞു.

പിന്നീടാണ് ഫഹദുമായുള്ള കഥ പറഞ്ഞതെന്നും അതൊരു ഡാര്‍ക്ക് അണ്ടര്‍ വേള്‍ഡ് കോമഡി സബ്ജക്ടാണെന്നും വിപിന്‍ ദാസ് പറഞ്ഞു.  ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രണ്ട് ഗ്യാങ്സ്റ്റര്‍മാര്‍ നടത്തുന്ന പോരാട്ടമാണ് കഥയെന്നും രണ്ട് പേര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള സ്‌കോപ്പ് ആ സ്‌ക്രിപ്റ്റിലുണ്ടെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

തന്നെപ്പോലെ വേറൊരു ആര്‍ട്ടിസ്റ്റിന് കൂടി പെര്‍ഫോം ചെയ്യാനുള്ള വകുപ്പ് ആ കഥയിലുള്ളതുകൊണ്ടാണ് എസ്.ജെ സൂര്യ ആ കഥക്ക് ഓക്കെ പറഞ്ഞതെന്നും വിപിന്‍ ദാസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

‘എസ്.ജെ. സൂര്യയോട് ഞാന്‍ ആദ്യം പറഞ്ഞ കഥ മറ്റൊന്നാണ്. ആ കഥ പുള്ളിക്ക് ഇഷ്ടമായി. പക്ഷേ അത് തമിഴിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്ത് എഴുതിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച ഇംപാക്ട് കിട്ടിയില്ല. അത് അദ്ദേഹത്തിന് മനസിലായി. വേറെ എന്ത് ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് ഇപ്പോഴത്തെ കഥ പറഞ്ഞത്. രണ്ട് ഡോണുകളുടെ കഥ എന്ന രീതിയില്‍ പറഞ്ഞു. രണ്ടാമത്തെയാളായി ഫഹദിനെയും ഉറപ്പിച്ചു.

അതൊരു ഡാര്‍ക്ക് അണ്ടര്‍വേള്‍ഡ് കോമഡി സബ്ജക്ടാണ്. രണ്ട് പേര്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന കാര്യം നമുക്ക് കോമഡിയായി തോന്നും. അവരത് സീരിയസായാണ് ചെയ്യുന്നത്. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. കാരണം, പെര്‍ഫോമന്‍സില്‍ പുള്ളിക്ക് കോമ്പറ്റീഷന്‍ കൊടുക്കാന്‍ ഒരു ക്യാരക്ടര്‍ കൂടി ആ സിനിമയിലുണ്ട്. അത് ഫഹദ് ആണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. ഈ കഥ നമുക്ക് ചെയ്യാമെന്ന് പുള്ളി സമ്മതിച്ചു,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das about his project with SJ Suryah and Fahadh Faasil