| Friday, 23rd August 2024, 5:32 pm

വാഴയിലേക്ക് വിളിച്ച സമയത്ത് ഹാഷിറിനോട് ഞാന്‍ ഒരൊറ്റ കാര്യം മാത്രമേ പറഞ്ഞുള്ളൂ: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായെത്തിയപ്പോള്‍ മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ വന്‍ വിജയമായി. തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴയുടെ രചനയും വിപിന്‍ ദാസ് തന്നെയാണ്.

ഇന്‍സ്റ്റഗ്രാം കണ്ടന്റുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഒരുപിടി താരങ്ങളാണ് വാഴയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിജു സണ്ണി, സാഫ്‌ബോയ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന ഹാഷിറും ടീമും വാഴയുടെ ഭാഗമായിട്ടുണ്ട്. തിയേറ്റുകളില്‍ മികച്ച പ്രതികരണമാണ് ഹാഷിറിനും ടീമിനും ലഭിച്ചത്. വാഴയിലേക്ക് ഹാഷിറിനെ കാസ്റ്റ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വിപിന്‍ ദാസ്.

സോഷ്യല്‍ മീഡിയയിലൂടെ പോപ്പുലറായവരെ വാഴയിലേക്ക് കാസ്റ്റ് ചെയ്യാമെന്ന് ആദ്യമേ തീരുമാനിച്ചുവെന്നും ഏറ്റവും ഒടുവിലാണ് ഹാഷിറിനെയും സിനിമയുടെ ഭാഗമാക്കാമെന്ന് തീരുമാനിച്ചതെന്നും വിപിന്‍ ദാസ് പറഞ്ഞു. സ്വല്പം ഷൈ ആയിട്ടുള്ള ആളാണ് ഹാഷിറെന്നും രണ്ട് ദിവസം ലൊക്കേഷനില്‍ വന്ന് നോക്കിയിട്ട് ഓക്കെയാണെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് പറയുകയും ചെയ്‌തെന്ന് വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

‘സോഷ്യല്‍ മീഡിയയിലൂടെ അത്യാവശ്യം റീച്ച് കിട്ടിയ ടാലന്റഡായിട്ടുള്ളവരെ ഈ സിനിമയിലേക്ക് എടുക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അങ്ങനെ ഓരോരുത്തരെയായി സെലക്ട് ചെയ്ത് ഏറ്റവും ലാസ്റ്റാണ് ഹാഷിറിനെ തെരഞ്ഞെടുത്തത്. അവനെ അപ്പ്രോച്ച് ചെയ്തപ്പോള്‍ ആദ്യം ചെറിയൊരു മടി കാണിച്ചു. കാരണം, അവരെല്ലാം സ്വന്തമായി കണ്ടന്റുണ്ടാക്കുന്നവരാണല്ലോ. സിനിമയില്‍ അങ്ങനെയല്ലല്ലോ.

അവനോട് ഞാന്‍ പറഞ്ഞത്, രണ്ട് ദിവസം ലൊക്കേഷനില്‍ വന്ന് നോക്ക്. നിനക്ക് ഓക്കെയായാല്‍ ചെയ്‌തോ, ഇല്ലെങ്കില്‍ വേണ്ട എന്നാണ്. ആദ്യത്തെ സീന്‍ തന്നെ അവരൊക്കെ ഗംഭീരമാക്കി. പിന്നീട് അവരെ ഓരോ സീനിലേക്കും ആഡ് ചെയ്തു. ഓരോ ഷെഡ്യൂള്‍ തുടങ്ങുമ്പോഴും അവരുടെ സീനും ആഡ് ചെയ്യും. ബേസിലിന്റെ സീനില്‍ ഹാഷിറൊന്നും ആദ്യം ഉണ്ടായിരുന്നില്ല. പിന്നീടാണ് അവരെ ആ സീനില്‍ ചേര്‍ത്തത്,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das about casting of Haashir in Vaazha

We use cookies to give you the best possible experience. Learn more