ഈ വർഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.
ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം ശ്രദ്ധ നേടിയ ജോമോൻ ജ്യോതിർ, സിജു സണ്ണി തുടങ്ങിയവരും ഗുരുവായൂരമ്പലനടയുടെ ഭാഗമായിരുന്നു. ഗുരുവായൂരമ്പലനടയിൽ പഴയ സിനിമയായിരുന്നുവെങ്കിൽ നന്നായേനെയെന്ന് ഒരുപാടാളുകൾ പറയാറുണ്ടെന്നും അങ്ങനെയാണെങ്കിൽ ജോമോന് പകരം ജഗതി ശ്രീകുമാറും അശ്വിന് പകരം കുതിരവട്ടം പപ്പുവുമായിരിക്കും ഉണ്ടാവുകയെന്നും വിപിൻ ദാസ് പറയുന്നു.
അവരെ പോലുള്ള അഭിനേതാക്കൾ ഇന്നില്ലെന്നും ഉള്ള പരിമിതിയിൽ മാക്സിമം നൽകാൻ ജോമോനും അശ്വിനുമെല്ലാം ശ്രമിച്ചിട്ടുണ്ടെന്നും വിപിൻ ദാസ് പറയുന്നു. പണ്ടുള്ളവർ പത്തിരട്ടിയായി പെർഫോം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഗുരുവായൂരമ്പല നടയിൽ ചെയ്യുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി, അത് പഴയ സിനിമയായിരുന്നുവെങ്കിൽ നന്നായേനെയെന്നാണ്. അങ്ങനെയാണെങ്കിൽ ഈ പറഞ്ഞ ജോമോന് പകരം ജഗതി ചേട്ടനാവും വരേണ്ടത്. അശ്വിൻ പകരം പപ്പു ചേട്ടൻ വരും. അങ്ങനെ പറയുമ്പോൾ സിനിമ വേറേ തന്നെ ഒരു കളറായി.
അപ്പോൾ വേറെ തന്നെ ലെവലിൽ പോയി. അവരെ ചെറുതാക്കി പറയുകയല്ല. പക്ഷെ ജോമോനും അശ്വിനുമൊക്കെ അവരുടെ കഴിവ് വെച്ച് പരമാവധി ചെയ്തിട്ടുണ്ട്. അവർക്ക് പ്രേക്ഷകരെ ചിരിപ്പിക്കാൻ പറ്റി. ഇപ്പോഴത്തെ ഒരു കണ്ടീഷനിൽ പക്ഷെ നമുക്ക് ഇത്രയേ പറ്റുള്ളൂ.
പണ്ട് നമുക്ക് ചിരിപ്പിക്കാൻ നല്ല മഹാരഥന്മാരായ നടന്മാരുണ്ട്. ഇപ്പോൾ നമുക്ക് ജഗദീഷ് ഏട്ടനെ പോലെ ഒന്ന് രണ്ട് പേരേയുള്ളൂ. ബാക്കി എല്ലാവരും പോയി. ജഗതി ശ്രീകുമാർ, പപ്പു, ഇന്നസെന്റ്.. അവരെയൊക്കെ ഞാൻ പേരെടുത്ത് പറയുന്നത് നമ്മൾ അങ്ങനെ വിളിച്ച് ശീലിച്ചത് കൊണ്ടാണ്. അവർ എഴുതിയതിന്റെ പത്തിരട്ടി പെർഫോം ചെയ്യും. പക്ഷെ ഇപ്പോൾ ചെയ്യാൻ അങ്ങനെ ആളുകളില്ല,’വിപിൻ ദാസ് പറയുന്നു.
Content Highlight: Vipin das about Casting Of Guruvayurambala Nadayil Movie