| Tuesday, 17th July 2012, 2:01 pm

പിങ്കി പ്പെണ്ണാണല്ല!!!!

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ട് പെണ്ണുങ്ങള്‍ രണ്ട് നീതി?

ഹോക്ക് ഐ/വിബീഷ് വിക്രം

ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും പരിഷ്‌കൃത സമൂഹമെന്നും ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ പിങ്കിക്കനുകൂലമായി ഒരു ചെറുവിരല്‍പോലുമനങ്ങിയില്ല

രണ്ട് പേരും അത്‌ലറ്റുകള്‍. തീര്‍ത്തും ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കുയര്‍ന്നവര്‍. ജൂനിയര്‍തലത്തില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സീനിയര്‍തലത്തിലെത്തപ്പെട്ടവര്‍. അവിടെയും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവര്‍. തങ്ങളുടെ കായികമികവ് കൊണ്ട് എത്തിപ്പിടിച്ച മെഡലുകള്‍ മാറിലണിഞ്ഞ് വിക്ടറി സ്റ്റാന്‍ഡില്‍ കയറിനിന്ന് സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ട ദേശീയഗാനത്തിനൊപ്പം ചുണ്ടനക്കി മാതൃരാജ്യത്തിന്റെ കീര്‍ത്തി വാനോളമുയര്‍ത്തിയവര്‍. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നുവന്ന ആരോപണത്തിനും സമാനസ്വഭാവം. പിറന്ന് വീണന്നു മുതല്‍ ജീവിച്ച് പോന്ന “പെണ്ണെന്ന സ്വത്വത്തിന്” നേര്‍ക്കാണ് സംശയത്തിന്റെ വിരല്‍ ചൂണ്ടപ്പെട്ടത്.

[]

2009-ലെ ലോക ചാമ്പ്യന്‍ ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ദക്ഷിണാഫ്രിക്ക യുടെ കാസ്റ്റര്‍ സെമന്യയും ഇന്ത്യയുടെ ഏഷ്യാഡ് സ്വര്‍ണ്ണജേത്രി പിങ്കി പ്രമാണി ക്കുമാണ് ആ രണ്ടു താരങ്ങള്‍. തങ്ങളുടെ പെണ്‍സ്വത്വത്തിന് നേരെ പടച്ചുവിട്ട സംശയത്തിലധിഷ്ഠിതമായ ചോദ്യശരങ്ങളേറ്റ് പൊതുസമൂഹത്തിന് മുന്നില്‍ മുറിവേറ്റ് അപമാനിതരാവേണ്ടി വന്നവര്‍. എന്നാല്‍ മറ്റ് സമാനതകളില്‍ നിന്ന് വ്യത്യസ്തമായി ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന് വന്ന ആരോപണത്തിന്‍മേല്‍ ഇരുരാജ്യങ്ങളിലെയും പൊതുസമൂഹം കൈക്കൊണ്ട നിലപാടുകള്‍ക്ക് വ്യത്യാസമുണ്ടായിരുന്നു.

സെമന്യക്ക് വേണ്ടി രാഷ്ട്രത്തലവനും രാഷ്ട്രീയനേതാക്കളും മനുഷ്യാവകാശ സാംസ്‌കാരിക വനിതാവകാശ പ്രവര്‍ത്തകരടക്കം ആ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായി അണിനിരന്നു. ഇതിനെ തുടര്‍ന്ന് താരത്തെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കി, ലിംഗപരിശോധനക്ക് വിധേയമാക്കിയ ലോക അത്‌ലറ്റിക് ഫെഡറേഷന്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. ലിംഗപരിശോധനക്ക് വിധേയമാക്കിയ നടപടി വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്  പരിശോധനാ ഫലം പുറത്ത് വിടാതിരുന്ന ഫെഡറേഷന്‍ സെമന്യക്കെതിരായ മത്സരവിലക്കും നീക്കി.

എന്നാല്‍ ഇത്തരമൊരു ഒത്തുചേരല്‍ പിങ്കിയുടെ കാര്യത്തിലുണ്ടായില്ല. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും പരിഷ്‌കൃത സമൂഹമെന്നും ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ പിങ്കിക്കനുകൂലമായി ഒരു ചെറുവിരല്‍പോലുമനങ്ങിയില്ല എന്നതാണ് വാസ്തവം.(പിന്നീട് രംഗത്ത് വന്ന ബൂട്ടിയയെപ്പോലുള്ള ചുരുക്കം ചിലരെ വിസ്മരിക്കുന്നില്ല).

ചുരുങ്ങിയകാലത്തിനിടെ കായിക രംഗത്ത് കൈവരിച്ച അസാധാരണമായ മികവില്‍ അസൂയപൂണ്ട മറ്റ് താരങ്ങളുടെ പരാതിയാണ് സെമന്യയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതെങ്കില്‍, ദീര്‍ഘകാലം കൂടെതാമസിച്ചിരുന്ന യുവതിയുടെ പുരുഷനെന്ന ആരോപണമാണ് പിങ്കിയെ പ്രതിക്കൂട്ടിലാക്കിയത്. പെണ്ണല്ലാത്ത പിങ്കി കുറെക്കാലമായി കൂടെ താമസിച്ച് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവരികയാണെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരുപക്ഷെ ഈ ബലാത്സംഗാരോപണമാവും പിങ്കിക്കനുകൂലമായി രംഗത്ത് വരുന്നതില്‍ നിന്നും സംഘടനകളെയും വ്യക്തികളെയും അകറ്റി നിര്‍ത്തിയതും.

പത്രധര്‍മ്മം??

യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്തു. നാട്ടിലെയും മറുനാട്ടിലെയും പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് അതൊരു സെന്‍സേഷണല്‍ സ്റ്റോറിയായിരുന്നു. പെണ്ണ് ആണായ കഥ. അതും വെറും പെണ്ണല്ല, രാജ്യാന്തരതലത്തില്‍ സ്വര്‍ണ്ണം നേടിയ ഒരു വനിതാ അത്‌ലറ്റ്. ബലാത്സംഗ ആരോപണം കഥയ്ക്ക് കൂടുതല്‍ എരിവേകി. മുഖ്യധാരാ പത്രങ്ങള്‍ ഫീച്ചറുകളെഴുതിക്കുട്ടി. ആരോപണം വെളിപ്പെടുന്നതിന് മുമ്പ്തന്നെ വിധിയും. “പെണ്ണാണ്”

നാട്ടിലെയും മറുനാട്ടിലെയും പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് അതൊരു സെന്‍സേഷണല്‍ സ്റ്റോറിയായിരുന്നു. പെണ്ണ് ആണായ കഥ. അതും വെറും പെണ്ണല്ല, രാജ്യാന്തരതലത്തില്‍ സ്വര്‍ണ്ണം നേടിയ ഒരു വനിതാ അത്‌ലറ്റ്.

അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ പിങ്കിയെ സംബോധന ചെയ്തിരിക്കുന്നത് “ഇയാള്‍” എന്നാണ്. “ഇയാളോടൊപ്പം കഴിഞ്ഞിരുന്ന യുവതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്” എന്നായിരുന്നു വാചകം. ഇതേ പത്രം നാല് ആഴ്ചക്കള്‍ക്ക് ശേഷം ഒന്നാം പേജിലെഴിതി “പിങ്കി ആണല്ല”. പിങ്കി പുരുഷനല്ലെന്ന് തെളിഞ്ഞതായും സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്ന ഭൂമി തട്ടിയെടുക്കാനായി താരത്തെ കേസില്‍ കുടുക്കിയതാണെന്നും വാര്‍ത്തയില്‍ പറയുന്നു. പിങ്കി പുരുഷനല്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയതായും പരാതിയില്‍ ആരോപിക്കപ്പെട്ട ബലാത്സംഗക്കുറ്റം ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നതല്ലെന്നും കോടതി അസന്നിഗ്ദമായി വ്യക്തമാക്കിയതായും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണത്രേ അറസ്റ്റ് ചെയ്ത് 26 ദിവസത്തിന് ശേഷം പിങ്കിക്ക് ജയില്‍ മോചിതയാവാന്‍ കഴിഞ്ഞത്.

അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ പിങ്കിയെ സംബോധന ചെയ്തിരിക്കുന്നത് “ഇയാള്‍” എന്നാണ്.  ഇതേ പത്രം നാല് ആഴ്ചക്കള്‍ക്ക് ശേഷം ഒന്നാം പേജിലെഴിതി “പിങ്കി ആണല്ല”.

കോടതിയുടെ നിരീക്ഷണം ശരിയാണെങ്കില്‍ വൈകിയെങ്കിലും പിങ്കിയെ അനുകൂലിച്ച് രംഗത്തെത്തിയവരുടെ വാദഗതിയും തെറ്റല്ലെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ജൂണ്‍ 14ന് അറസ്റ്റിലായ പിങ്കി 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജൂലൈ 11നാണ് മോചിതയാവുന്നത്. ഇതിനിടെ 17 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ 25 ദിവസം വിവിധങ്ങളായ ലിംഗപരിശോധനകള്‍ നടത്തിയിട്ടും പിങ്കി പുരുഷനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിങ്കിക്കായി രംഗത്ത് വന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിങ്കിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റമോ ബലാത്സംഗം. ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ച് പുരുഷന് മാത്രം ചെയ്യാന്‍ കഴിയുന്ന കുറ്റകുത്യം.

പീഡനപര്‍വ്വം!!

സ്വാതന്ത്ര്യം  നേടി 60 സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും അത്‌ലറ്റിക് രംഗത്ത് ശൈശവാവസ്ഥയില്‍ തന്നെ നിലയുറപ്പിക്കുന്ന ഒരു രാജ്യത്തിനായി രാജ്യാന്തരതലത്തില്‍ മെഡല്‍ നേടിയിട്ടും വളരെ മ്ലേച്ഛമായ രീതിയിലാണ് പോലീസും പത്രമാധ്യമങ്ങളും പെരുമാറിയതെന്ന് പറയാതെ വയ്യ. അറസ്റ്റിലായ പിങ്കിയെ നഗരമധ്യത്തിലൂടെ നിരവധിയാളുകള്‍ നോക്കിനില്‍ക്കെ വലിച്ചിഴച്ചാണ് പോലീസുകാര്‍ വാനില്‍ കയറ്റിയത്. വാനില്‍ കയറ്റുന്നതിനിടെ പിങ്കിയുടെ മാറിടത്തില്‍ പുരുഷപോലീസുകാരന്‍ അമര്‍ത്തുന്ന ചിത്രം വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും നാട്ടിലെങ്ങും പാട്ടാണ്.

അറസ്റ്റ് ചെയ്ത തന്നെ പുരുഷന്മാരെ പാര്‍പ്പിച്ച ജയിലിലാണ് താമസിപ്പിച്ചതെന്ന് പിങ്കി ആരോപിച്ചിരുന്നു. പുരുഷനാണെന്ന് ആരോപണം മാത്രമുയര്‍ന്ന ഒരു സ്ത്രീയോടാണ് ഈ വിവേചനമെന്നോര്‍ക്കണം. ഇതിനൊക്കെ പുറമെ പിങ്കിയെ ശാരീരീക പരിശോധനക്ക് വിധേയമാക്കുന്ന അശ്ലീലചിത്രങ്ങള്‍ എം.എം.എസ് ആയി ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന് പിന്നില്‍ പോലീസ് തന്നെയാണെന്നാണ് സംശയിക്കപ്പെടുന്നത്.

മൃഗത്തോടെന്ന പോലെയാണ് പോലീസ് തന്നോട് പെരുമാറിയതെന്ന് ജാമ്യത്തിലിറങ്ങിയ പിങ്കിയും ആരോപിക്കുകയുണ്ടായി. ലിംഗനിര്‍ണ്ണയ പരിശോധനക്ക് വിസമ്മതിച്ച പിങ്കിയെ മയക്കുമരുന്ന് കുത്തിവച്ചാണത്രേ പോലീസ് കാര്യം സാധിച്ചെടുത്തത്. ആശുപത്രിക്കിടക്കയില്‍ രണ്ട് കൈകാലുകളും വശങ്ങളിലേക്ക് ബന്ധിക്കപ്പെട്ട നിലയിലെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് താന്‍ ഉണര്‍ന്നതെന്ന പിങ്കിയുടെ വെളിപ്പെടുത്തല്‍ മനസാക്ഷിയുള്ളരെയെല്ലാം ഞെട്ടിപ്പിക്കുന്നതാണ്.

കുറ്റം ആരോപിക്കപ്പെട്ട ഒരു സ്ത്രീയോടാണീ ക്രൂരതയെന്നോര്‍ക്കണം. സ്ത്രീ എന്നുപയോഗിച്ചത് ബോധപൂര്‍വ്വമാണ്. പുരുഷനെന്നത് ആരോപണം മാത്രമാണ്. ആരോപണത്തിന്റെ കാമ്പും കഴമ്പും പരിശോധിച്ച് പുരുഷനാണെന്ന് കോടതി പറയുംവരെ പിങ്കി സ്ത്രീ തന്നെയാണ്. വിശദമായ അന്വേഷണത്തിനും വിചാരണക്കുമൊടുവില്‍ കോടതി പുറപ്പെടുവിക്കേണ്ടതാണ് അവസാന വിധിന്യായം. അതിന് മുമ്പെ വിധിന്യായമെഴുതി പ്രചരിപ്പിക്കുന്ന മാധ്യമ സംസ്‌ക്കാരം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

ആണായാലും പെണ്ണായാലും ഇനി ഇത് രണ്ടുമല്ല ആണുംപെണ്ണും കെട്ടവനായാലും സമൂഹത്തില്‍ ഒരു പൊതുപരിഗണന അര്‍ഹിക്കുന്നുണ്ട്. മനുഷ്യനെന്ന പ്രഥമ പരിഗണന. പിങ്കിയുടെ ആരോപണങ്ങള്‍ ശരിയെങ്കില്‍ കേവലം മാനുഷിക പരിഗണന പോലും താരത്തിന് നിഷേധിക്കപ്പെട്ടെന്ന് വേണം കരുതാന്‍. മറ്റൊരു തരത്തില്‍  പറഞ്ഞാല്‍ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് ഇക്കാര്യത്തില്‍ നടന്നതെന്ന് സംശയലേശമന്യേ പറയാം.

അങ്ങിനെയെങ്കില്‍ ജൂണ്‍ 11 മുതലിങ്ങോട്ട് പിങ്കിയനുഭവിച്ച മാനസിക-ശാരീരിക പീഡനകള്‍ക്ക് ആര് ഉത്തരം പറയും? പോലീസില്‍ നിന്നും പത്രമാധ്യമങ്ങളില്‍ നിന്നും ഇതിലും നല്ല പരിഗണന പിങ്കി അര്‍ഹിച്ചിരുന്നില്ലേ? സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ചിലര്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ക്കൊടുവില്‍ കരുവാക്കപ്പെടുകയായിരുന്നോ പിങ്കി? എങ്കില്‍ ആരെല്ലാമാണ് പിന്നാമ്പുറ തിരക്കഥാകൃത്തുക്കള്‍? ചിന്തിക്കേണ്ടതും ഉത്തരം തേടേണ്ടതും കണ്ടെത്തേണ്ടതുമായ ചോദ്യനിര നീളുന്നു.

We use cookies to give you the best possible experience. Learn more