ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബാലാത്സംഗം ചെയ്ത പൊലീസുകാരന് സ്‌റ്റേഷനില്‍ ലഭിച്ചത് വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്ത ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജനതാ കാ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്.
ജനതാ കാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിഫാത് ജാവിദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൊലീസ് സ്റ്റേഷനിലെ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോയില്‍ യു.പി പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യു.പി പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read:എസ്.ബി.ഐ ഇടപാടുകള്‍ക്കുള്ള പുതിയ സര്‍വ്വീസ് ചാര്‍ജ് ഇന്നു മുതല്‍: ചാര്‍ജുകള്‍ ഇങ്ങനെ
ചൊവ്വാഴ്ചയാണ് ലക്‌നൗ ഛണ്ഡീഗഢ് എക്‌സ്പ്രസില്‍ 25കാരിയായ മുസ്‌ലിം യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. രാത്രി ഒമ്പതോടെ ട്രെയിന്‍ ബിജ്‌നോറില്‍ എത്തിയപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിഞ്ഞത്.
മൊറാദാബാദില്‍ നിന്നും എസ്‌കോര്‍ട്ട് ഡ്യൂട്ടിയ്ക്ക് കയറിയ കമാല്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്നാണ് മൊറാദാബാദ് ജി.ആര്‍.പി പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി അറിയിച്ചത്. റംസാന്‍ വ്രതത്തിലായിരുന്നു യുവതി.
ലക്‌നൗയില്‍ നിന്നും തിങ്കളാഴ്ച രാത്രി ട്രെയിന്‍ മാറി കയറിപ്പോയതായിരുന്നു യുവതിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ടിക്കറ്റില്ലാതെ സ്പീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ടി.ടി.ഇ ഡിസേബിള്‍ഡ് കോച്ചിലേക്കു മാറ്റി. ഏതാണ്ട് കാലിയായ ആ കോച്ചില്‍ ഈ കോണ്‍സ്റ്റബിളുമുണ്ടായിരുന്നു.
കോച്ചിലുണ്ടായിരുന്ന മറ്റ് ചെറുപ്പക്കാരെ നിര്‍ബന്ധിച്ച് മറ്റൊരു കോച്ചിലേക്കു പറഞ്ഞയച്ച കോണ്‍സ്റ്റബിള്‍ കോച്ച് അകത്തുനിന്നും പൂട്ടുകയായിരുന്നു. ഒമ്പതുമണിയോടെ തീവണ്ടി ബിജ്‌നോറില്‍ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ പുറത്തുനിന്നും ബഹളമുണ്ടാക്കാന്‍ തുടങ്ങി. കോണ്‍സ്റ്റബിള്‍ ഒരു യുവതിയെ കോച്ചിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്നെന്ന് അവര്‍ പറഞ്ഞു.
മറ്റ് യാത്രക്കാരും റെയില്‍വേ തൊഴിലാളികളും ബലം പ്രയോഗിച്ച് കമ്പാര്‍ട്ട്‌മെന്റ് തുറന്നപ്പോള്‍ യുവതിയെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. യാത്രക്കാര്‍ കമാലിനെ പിടികൂടി ജി.ആര്‍.പി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്ക് ഉന്നത പരിഗണനയാണ് ലഭിക്കുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.