| Saturday, 15th January 2022, 12:39 pm

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പി കോട്ടയം സ്വദേശിയെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്.

കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇതെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാക്ഷി ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. വി.ഐ.പിയെ സംബന്ധിച്ച് വലിയ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

ദിലീപിന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ വി.ഐ.പിയും ഉണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയാമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

കോട്ടയത്തുള്ള ഇയാള്‍ക്ക് ഹോട്ടല്‍ വ്യവസായമുള്‍പ്പെടെ നിരവധി ബിസിനസുകളുണ്ട്. സാക്ഷി ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതായാണ് സൂചന.

അതേസമയം ശബ്ദസാമ്പിള്‍ പരിശോധിച്ച ശേഷം മാത്രമേ ഇദ്ദേഹമാണെന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം വരികയുള്ളൂ. ശബ്ദസാമ്പിള്‍ പരിശോധന അടക്കം ഉടന്‍ നടത്തുമെന്നാണ് അറിയുന്നത്.

ഗൂഢാലോചന നടന്ന ഘട്ടത്തില്‍ ഉണ്ടായിരുന്ന ഓഡിയോ റെക്കോര്‍ഡ് ആണ് അന്വേഷണ സംഘത്തിന് ബാലചന്ദ്ര കുമാര്‍ കൈമാറിയത്.

കോട്ടയം സ്വദേശിയായ ഈ വ്യവസായിക്ക് ദിലീപുമായി ബന്ധമുണ്ടെന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കോട്ടയം ജില്ലയിലും സംസ്ഥാന സര്‍ക്കാരിലുമടക്കം സ്വാധീനമുള്ള വ്യക്തിയാണ് ഇയാള്‍ എന്ന് ബാലചന്ദ്ര കുമാര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വി.ഐ.പി ആണെന്നതുള്‍പ്പെടെ ബാലചന്ദ്രകുമാര്‍ നേരത്തെ നിരവധി മൊഴികള്‍ പൊലീസിന് നല്‍കിയിരുന്നു. വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു.

വി.ഐ.പിയാണ് നടിയെ ആക്രമിക്കുന്ന വീഡിയോ അവിടെ എത്തിച്ചതെന്നും അത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നതുമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചുവെന്നും ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.

നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വി.ഐ.പിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വി.ഐ.പി. കാവ്യ മാധവന്‍ അദ്ദേഹത്തെ ഇക്ക എന്നാണ് വിളിച്ചത്. അദ്ദേഹം വന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more