| Tuesday, 2nd October 2018, 7:32 am

വയലനിസ്റ്റ് ബാലഭാസ്‌ക്കര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്‌ക്കര്‍ അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു അന്ത്യം.

ഹൃദയാഘാതമാണ് മരണകാരണം. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല നേരത്തെ മരണപ്പെട്ടിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

തിരുമല സ്വദേശിയും റിട്ട. പോസ്റ്റുമാസ്റ്ററുമായ ചന്ദ്രന്‍ ആണ് അച്ഛന്‍. അമ്മ ശാന്തകുമാരി (റിട്ട. സംസ്‌കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം). സഹോദരി. മീര. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും.

കഴിഞ്ഞ മാസം 25ാം തിയ്യതിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ബാലഭാസ്‌കര്‍ മകള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം.തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും

We use cookies to give you the best possible experience. Learn more